നിങ്ങൾ നീതിപൂർവം സമചിത്തത പാലിക്കുകയും. പാപം വർജ്ജിക്കുകയും ചെയ്യുവിൻ - പ്രഭാത പ്രാർത്ഥന

പരിശുദ്ധ അമ്മേ... മാതാവേ...
മനുഷ്യബുദ്ധിയ്ക്ക് അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ പോലും സാധ്യമാക്കുന്ന ദൈവഹിതത്തിന് പൂർണ ഹൃദയത്തോടെ ആമേൻ പറയാനുള്ള കൃപ യാചിച്ചു കൊണ്ട് ജപമാല പ്രാർത്ഥനയിലൂടെ ഞങ്ങളും അമ്മയോടൊപ്പം അണിചേരുന്നു.
ജീവിതത്തിൽ പലപ്പോഴും മറ്റുള്ളവരോടു പൊറുത്ത സാഹചര്യങ്ങളും അവർക്കു വേണ്ടി ചെയ്തു കൊടുത്ത നന്മപ്രവർത്തികളുമെല്ലാം മനസ്സിൽ സൂക്ഷിക്കുകയും. തരം കിട്ടുമ്പോഴെല്ലാം അത് ഏറ്റു പറഞ്ഞ് ആത്‍മസംതൃപ്തി നേടുകയും ചെയ്യുന്നവരാണ് ഞങ്ങൾ.
ഞങ്ങൾക്കെതിരായി എന്തെല്ലാം ചെയ്തു. എന്നിട്ടും ഞങ്ങൾ നിന്നോട് ക്ഷമിച്ചില്ലേ. നിനക്കു വേണ്ടി ഇത്രയധികം ചെയ്തില്ലേ എന്നൊരു വലിയഭാവം അവരുടെ മുൻപിലും ദൈവത്തിന്റെ മുൻപിലും പ്രകടിപ്പിക്കുന്ന ഞങ്ങൾ പക്ഷേ ഞങ്ങൾക്കു ലഭിച്ച നന്മകളൊന്നും ഒരിക്കലും ഓർമ്മയിൽ പോലും സൂക്ഷിക്കാറില്ല എന്നുള്ളതാണ് സത്യം..
അമ്മേ... മാതാവേ... അങ്ങയുടെ സ്നേഹത്തിന്റെ നിറവിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കേണമേ. മറ്റുള്ളവരോട് ക്ഷമിക്കാനും. അവരുടെ ദു:ഖങ്ങളിൽ പങ്കു ചേരാനും.
ഞങ്ങൾക്കുള്ളവ പങ്കു വയ്ക്കാനും ഉപേക്ഷ വിചാരിക്കാത്ത വിധം എളിമയെന്ന പുണ്യത്തിൽ വളരാൻ കൃപ ചൊരിയുകയും ചെയ്യണമേ. അപ്പോൾ അങ്ങയുടെ തിരുമനസ്സു പോലെ ഞങ്ങളോട് കൽപ്പിക്കുന്നവ മാത്രം ജീവിതത്തിൽ നിറവേറ്റാൻ ഞങ്ങളും നിസ്വാർത്ഥമായി പരിശ്രമിക്കുക തന്നെ ചെയ്യും... അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ...
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ