കൗൺസിലിംഗിന് ശേഷം ആനന്ദ് സന്തോഷവാൻ’; പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ലെന്ന് ഡിഐജി റിപ്പോർട്ട്

 
Anand

തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിലെ പോലീസ് ട്രെയിനിയായിരുന്ന ആനന്ദിൻ്റെ മരണത്തിൽ പോലീസുദ്യോഗസ്ഥരെ പിന്തുണച്ച് ഡിഐജി റിപ്പോർട്ട്. ആനന്ദിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥർക്ക് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ബറ്റാലിയൻ ഡിഐജി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ആദ്യത്തെ ആത്മഹത്യാ ശ്രമത്തിന് ശേഷം ആനന്ദിന് ഉദ്യോഗസ്ഥർ ആവശ്യമായ ശുശ്രൂഷ നൽകിയിരുന്നു എന്നും, ഇതിൽ അവർക്ക് യാതൊരു പിഴവും പറ്റിയിട്ടില്ലെന്നും റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നാണ് ഡിഐജിയുടെ കണ്ടെത്തൽ.

പോലീസ് ക്യാമ്പില്‍ നിന്ന് മാനസികമായും ശാരീരികമായും പീഡനമുണ്ടായെന്നും ജാതി അധിക്ഷേപമുണ്ടായെന്നുമായിരുന്നു ആനന്ദിന്റെ കുടുംബത്തിന്റെ ആരോപണം. ഇത് തള്ളുന്നതാണ് വനിതാ ബറ്റാലിയന്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ശേഷം ആനന്ദിനെ ആശുപത്രിയില്‍ പാര്‍പ്പിക്കുന്നതായിരുന്നു ഉചിതമെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ബാരക്കില്‍ താമസിക്കണമെന്ന് ആനന്ദ് എഴുതി നല്‍കിയിരുന്നു. കൗണ്‍സിലിംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നു. ആനന്ദിനെ നിരീക്ഷിക്കാന്‍ രണ്ടുപേരെ ചുമതലപ്പെടുത്തിയിരുന്നു. ആത്മഹത്യാശ്രമ വാര്‍ത്തകള്‍ക്ക് താഴെ വന്ന ചില കമന്റുകള്‍ ആനന്ദിനെ അസ്വസ്ഥപ്പെടുത്തിയതായി സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് ആരുമായും ആനന്ദിന് സൗഹൃദം ഉണ്ടായിരുന്നില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.

Tags

Share this story

From Around the Web