ശരിയായി പരിശോധിക്കാതെ അനസ്‌തേഷ്യ നല്‍കി. റാന്നിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ചികിത്സാ പിഴവെന്ന് ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം:റാന്നിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ചികിത്സാ പിഴവ് എന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. സ്വകാര്യ ആശുപത്രി മാതാപിതാക്കള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും ഉത്തരവില്‍ പറയുന്നു. 2024 ഫെബ്രുവരിയിലാണ് പത്തനംതിട്ട റാന്നിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആരോണ്‍ വി. വര്‍ഗീസ് മരിച്ചത്.
റാന്നി മാര്‍ത്തോമാ ആശുപത്രിക്കെതിരെ ആണ് ഉത്തരവ്. ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍ക്കും എതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാന്‍ നിര്‍ദ്ദേശം. ചികിത്സിച്ച ഡോക്ടറുടെ യോഗ്യതയിലും സംശയം ഉണ്ട്. ആശുപത്രിയെ സഹായിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അട്ടിമറി നടത്തിയെന്നും കമ്മിഷന്‍ പറയുന്നു.
വലതുകൈക്ക് ഒടിവുമായി എത്തിയ വിദ്യാര്‍ത്ഥിക്ക് ശരിയായി പരിശോധിക്കാതെ അനസ്‌തേഷ്യ നല്‍കിയതാണ് മരണകാരണമെന്നും വിലയിരുത്തല്‍. ഒരിക്കലും യൂറിനറി ട്രാക് ഇന്‍ഫെക്ഷന്‍ കോംപ്ലിക്കേഷന്‍ കൊണ്ട് കുട്ടി മരണപ്പെടാന്‍ സാധ്യതയില്ല.
എം.ഒ.എസ് രാസപരിശോധന വളരെ വൈകിപ്പിച്ചത് മനഃപൂര്‍വ്വമാണ്. അഞ്ചു വയസുകാരന് അടിയന്തരമായി രാത്രി തന്നെ മാനിപ്പുലേറ്റീവ് റിഡക്ഷന്‍ നല്‍കേണ്ട ആവശ്യകത സംബന്ധിച്ച് വ്യക്തയില്ല.
കുട്ടിയെ ഓപ്പറേഷന്‍ തീയേറ്ററില്‍ കൊണ്ടു പോകുന്നതിനു മുന്‍പ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. വലതു കൈമുട്ടിനു മുകളില്‍ വച്ച് ഒടിഞ്ഞ കുട്ടിയ്ക്ക് ധൃതി കൂട്ടി രാത്രിയില്‍ തന്നെ ശസ്ത്രക്രിയ നടത്തിയതിന്റെ കാരണം വ്യക്തതമല്ല.
ഒരുപാട് നാള്‍ ജീവിക്കേണ്ട വ്യക്തി ബാല്യത്തില്‍ തന്നെ പൊലിഞ്ഞു പോകേണ്ട സാഹചര്യം ഹോസ്പിറ്റല്‍ അധികാരികളുടെ ഭാഗത്തുണ്ടായ വീഴ്ചയാണ്. ഐക്യരാഷ്ട്രസഭ അംഗീകരിച്ച കുട്ടിയുടെ അതിജീവന അവകാശം ഇല്ലായ്മ ചെയ്യുകയും സുരക്ഷ നല്‍കേണ്ടവര്‍ കുട്ടിയുടെ ബാല്യം കവര്‍ന്നെടുത്തതായും കമ്മീഷന്‍ വിലയിരുത്തുന്നു.
കുട്ടിയെ ചികിത്സിച്ച ഓര്‍ത്തോപിഡിക് ഡോക്ടറും അനസ്‌തേഷ്യ ഡോക്ടറും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതില്‍ ഓര്‍ത്തോപീഡിക് ഡോക്ടര്‍ക്ക് ട്രാവന്‍കൂര്‍ കൊച്ചിന്‍ രജിസ്‌ട്രേഷന്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.