പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ പിഴവ്; ആരോപണവിധേയരായ ഡോക്ടര്‍മാരെ നാളെ ചോദ്യം ചെയ്യും

 
BABY


പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ ഡോക്ടര്‍മാരെ നാളെ ചോദ്യം ചെയ്യും. 


പീഡിയാട്രീഷ്യന്‍, പ്ലാസ്റ്റിക് സര്‍ജന്‍ എന്നിവരോട് നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചു.


കുഞ്ഞിനെ ചികിത്സിച്ച പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പീഡിയാട്രീഷന്‍ ആശ നിര്‍മല്‍, പ്ലാസ്റ്റിക് സര്‍ജന്‍ ആരതി അന്തര്‍ജനം എന്നിവരെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. 

കേസില്‍ പ്രതി ചേര്‍ത്ത അനസ്തീഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലിയുടെ ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫാണ്. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പാനല്‍ യോഗം ചേര്‍ന്ന ശേഷം കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കും. 


ബേബി മെമ്മോറിയല്‍ ആശുപത്രി ഡോക്ടര്‍മാരുടെ വിശദീകരണവും രേഖപ്പെടുത്തും. തുടര്‍ന്ന് റിപ്പോര്‍ട്ട് ഡിഎംഒക്ക് കൈമാറും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആകും പൊലീസും തുടര്‍നടപടി സ്വീകരിക്കുന്നത്.

സംഭവത്തില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഒക്ക് കൈമാറിയിട്ടുണ്ട്. നിസാര പരുക്കു മാത്രം ഉണ്ടായിരുന്ന കുഞ്ഞിന് അനസ്തീഷ്യ നല്‍കേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. 


ഒരു സെന്റി മീറ്ററില്‍ താഴെ മാത്രമായിരുന്നു മുറിവ്. അനസ്തീഷ്യ നല്‍കി 10 മിനിറ്റിനുള്ളില്‍ കുഞ്ഞിന്റെ മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തയോട്ടം നിലച്ചു. മെഡിക്കല്‍ ബോര്‍ഡ് യോഗം 17ന് ചേരുമെന്നാണ് വിവരം.

Tags

Share this story

From Around the Web