ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ അജ്ഞാത വസ്തുവിന്റെ ആക്രമണം; എൻജിൻ റൂം തകർന്നു, നിയന്ത്രണം നഷ്ടമായി
മസ്‌കറ്റ്: ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ച ചരക്ക് കപ്പലിന് നേരെ അജ്ഞാത വസ്തു പതിച്ച് ആക്രമണം. ഒമാനിലെ ലിമയ്ക്ക് വടക്കുകിഴക്കായി ഏകദേശം 11 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സംഭവം നടന്നത്. യുകെ സമുദ്ര വ്യാപാര പ്രവർത്തന വിഭാഗമാണ് (UKMTO) ഇക്കാര്യം സ്ഥിരീകരിച്ചത്.
ആക്രമണത്തെ തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. ഭാഗ്യവശാൽ കപ്പലിലുണ്ടായിരുന്ന ആർക്കും പരിക്കുകളില്ല. കൂടാതെ പരിസ്ഥിതി മലിനീകരണ ആശങ്കകളും നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
വിവരമറിഞ്ഞ ഉടൻ തന്നെ പ്രാദേശിക കോസ്റ്റ് ഗാർഡ് അധികൃതർ സംഭവസ്ഥലത്തെത്തി പരിശോധനയും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഈ സമുദ്രമേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾ കർശന ജാഗ്രത പാലിക്കണമെന്നും, സംശയാസ്പദമായ എന്തെങ്കിലും നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.