തുറന്ന ജയില്‍ വിവാഹവേദിയായി. ജീവപര്യന്തം തടവുകാര്‍ക്ക് ജയിലിനുള്ളില്‍ വിവാഹം
രാജസ്ഥാന്‍: രാജസ്ഥാനിലെ ജോധ്പൂര്‍ മാണ്ഡോര്‍ തുറന്ന ജയില്‍ ഇന്നലെ അപൂര്‍വ്വമായ ഒരു വിവാഹച്ചടങ്ങിന് സാക്ഷ്യം വഹിച്ചു.
വരന്‍ മൂലാറാം ഭാട്ടി (33), വധു സീമ ഘാട്‌സെ (31). ഇരുവരും ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നവര്‍. രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്രത്യേക വിധി പ്രകാരമായിരുന്നു വിവാഹം.
കുടുംബാംഗങ്ങള്‍, ജയില്‍ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 21 പേരെ സാക്ഷിയാക്കിയായിരുന്നു ദമ്പതികള്‍ മാല ചാര്‍ത്തിയത്. ചടങ്ങില്‍ പങ്കെടുത്തവര്‍ ദമ്പതികളെ ആശീര്‍വദിച്ച് മധുരവും വിതരണം ചെയ്തു.
വിവാഹത്തിനായി ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മൂലാറാം സമര്‍പ്പിച്ച ഹരജിയിലാണ് വിധി. ജസ്റ്റിസ് പി.എസ്. ഭാട്ടി, ജസ്റ്റിസ് പ്രവീര്‍ ഭട്‌നാഗര്‍ എന്നിവരടങ്ങിയ രാജസ്ഥാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.
പരസ്പര സമ്മതത്തോടെ രണ്ട് മുതിര്‍ന്ന വ്യക്തികള്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന് വിധി പ്രഖ്യാപിച്ച് കോടതി ചൂണ്ടിക്കാട്ടി.
ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശ പ്രകാരം ശിക്ഷ അനുഭവിച്ചു വരുന്നു എന്ന ഒറ്റക്കാരണത്താല്‍ തടവുകാര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
ഇത്തരം നടപടികള്‍ തടവുകാരുടെ പുനരധിവാസത്തിനും സമൂഹത്തിലേക്ക് മടങ്ങിവരുന്നതിനും സഹായിക്കുമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
തുറന്ന ജയിലിനുള്ളില്‍ വിവാഹം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു വിവാഹം.
തുടര്‍ന്ന് ജയില്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍ ചടങ്ങ് നടത്താന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ചടങ്ങുകള്‍ നടത്താനും മേല്‍നോട്ടം വഹിക്കാനും പുരോഹിതനടക്കം 21 അതിഥികള്‍ക്ക് കോടതി അനുമതി നല്‍കുകയായിരുന്നു.
അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ 2017 ഫെബ്രുവരി മുതല്‍ മൂലാറാം ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയാണ്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സീമയും ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.
നല്ല നടപ്പ് കണക്കിലെടുത്ത് ഇരുവരേയും പിന്നീട് മണ്ഡോറിലെ തുറന്ന ജയിലിലേക്ക് മാറ്റുകയായാരുന്നു. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.