ഹെയ്തിയിലെ അനാഥാലയത്തില്‍ നിന്ന് ഐറിഷ് മിഷ്ണറിയേയും അന്തേവാസികളെയും തട്ടിക്കൊണ്ടുപോയി

പോര്‍ട്ട് ഒ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സിനടുത്ത് സ്ഥിതിചെയ്യുന്ന അനാഥാലയത്തില്‍ നിന്നും ഐറിഷ് മിഷ്ണറി ഉള്‍പ്പെടെ ഒന്‍പത് പേരെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയി.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സായുധ സംഘം തട്ടിക്കൊണ്ടുപോയതെന്ന് മേയര്‍ മാസില്ലോണ്‍ ജീന്‍ വെളിപ്പെടുത്തി. കെന്‍സ്‌കോഫിലെ സെന്റ് ഹെലെന അനാഥാലയത്തിന്റെ ഡയറക്ടറും മിഷ്ണറി ജീന്‍ ഹെറാട്ടി ഉള്‍പ്പെടെയുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നു.
സായുധ സംഘം തുടരുന്ന വിവിധ ആക്രമണങ്ങള്‍ക്കിടയിലും സ്വന്തം സുരക്ഷയ്ക്ക് ഭീഷണികള്‍ ഉണ്ടാകുകയും ചെയ്തിട്ടും ജീവിതാവസാനം വരെ താന്‍ ഹെയ്തിയിലെ പാവപ്പെട്ട സമൂഹത്തിന് ഒപ്പം നിലകൊള്ളുമെന്ന് പ്രഖ്യാപിച്ച മിഷ്ണറിയായിരിന്നു ജീന്‍ ഹെറാട്ടി.
മോചനത്തിന് വേണ്ടി തുടര്‍ച്ചയായ ശ്രമങ്ങള്‍ തുടരുകയാണെന്ന് ഐറിഷ് വിദേശകാര്യ മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. ജീനും മറ്റ് ജീവനക്കാരും മൂന്ന് വയസ്സുള്ള ആ കുട്ടിയും സുരക്ഷിതമായി വിടുവിക്കപ്പെടാന്‍ വേണ്ടി ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്യുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
1993 മുതല്‍ ഹെയ്തിയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തി വരികയാണു ജീന്‍ ഹെറാട്ടി. അയര്‍ലണ്ടിലെ ലിസ്‌കാര്‍ണെയില്‍ ജനിച്ച അവര്‍ നടത്തിയ സ്തുത്യര്‍ഹമായ ജീവകാരുണ്യ പ്രവര്‍ത്തനം പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അരാജകത്വവും ക്രിമിനല്‍ സംഘങ്ങളുടെ തുടര്‍ച്ചയായ ആക്രമണങ്ങളെയും തുടര്‍ന്ന് കനത്ത അരക്ഷിതാവസ്ഥ നേരിടുന്ന രാജ്യമാണ് ഹെയ്തി.
കഴിഞ്ഞ ജൂലൈ 7ന്, പോര്‍ട്ട്-ഓ-പ്രിന്‍സിലെ ഗുണ്ട സംഘത്തിന്റെ നിയന്ത്രിത മേഖലയില്‍ സേവനം ചെയ്തിരിന്ന യൂണിസെഫ് സംഘത്തില്‍പ്പെട്ട ആറ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയിരുന്നു. ഒരാള്‍ അടുത്ത ദിവസം തന്നെ മോചിതനായെങ്കിലും, മറ്റ് അഞ്ച് പേര്‍ മൂന്ന് ആഴ്ചയ്ക്കുശേഷം മാത്രമാണ് വിട്ടയക്കപ്പെട്ടത്.