അനിശ്ചിതത്വത്തിന് വിരാമം; തിരുക്കല്ലറ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ മുടങ്ങില്ല
ജെറുസലെം: പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ ഇസ്രായേൽ അധികൃതരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നു ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തില്‍ വിശുദ്ധവാര, ഈസ്റ്റർ തിരുക്കര്‍മ്മങ്ങള്‍ നടത്തുവാന്‍ തീരുമാനം.
ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റും വിശുദ്ധ നാടിന്റെ സംരക്ഷണ സമിതിയും ഇന്നലെ മാർച്ച് 30 തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
വിശുദ്ധ വാരത്തിലെ ദിനങ്ങളില്‍ ഔദ്യോഗിക സഭാ പ്രതിനിധികൾക്ക് ആരാധനക്രമ ആഘോഷങ്ങള്‍ക്കും ചടങ്ങുകൾക്കുമായി പ്രവേശനം അനുവദിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇസ്രായേല്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
അതേസമയം നിലവിലെ യുദ്ധസാഹചര്യത്തിന്റെ വെളിച്ചത്തിൽ, വിശ്വാസികള്‍ പങ്കെടുത്തുക്കൊണ്ടുള്ള പൊതുസമ്മേളനങ്ങൾക്ക് ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടരും.
തിരുക്കല്ലറ ദേവാലയത്തില്‍ നിന്നുള്ള തിരുക്കര്‍മ്മങ്ങളും പ്രാർത്ഥനകളും ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് തത്സമയം ലഭ്യമാകുവാന്‍ തത്സമയം സംപ്രേഷണം ലഭ്യമാക്കുന്നുണ്ട്.
വിഷയത്തില്‍ ഇടപെടല്‍ നടത്തിയ പ്രസിഡന്‍റ് ഐസക് ഹെർസോഗിന്റെ സമയോചിതമായ ഇടപെടലിന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് നന്ദിയറിയിച്ചു.
യേശുവിനെ അടക്കം ചെയ്തതെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കുന്ന ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധവാരാഘോഷങ്ങളില്‍ അനേകരാണ് പങ്കെടുത്തുക്കൊണ്ടിരിന്നത്.
കഴിഞ്ഞ ഓശാന ഞായറാഴ്ച തിരുക്കല്ലറ ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിയ ജെറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, വിശുദ്ധ നാടിന്റെ കസ്റ്റോഡിയനും തിരുക്കല്ലറ പള്ളിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായ ഫാ. ഫ്രാൻസെസ്കോ ഇൽപോ എന്നിവരെ ഇസ്രായേല്‍ പോലീസ് തടഞ്ഞിരിന്നു.
ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ആഗോള തലത്തില്‍ ഉയര്‍ന്നത്. പിന്നാലെ ഇസ്രായേല്‍ പ്രസിഡന്‍റ് ക്രൈസ്തവ നേതൃത്വത്തെ ഫോണില്‍ ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിച്ചിരിന്നു.