വഴിയാത്രക്കാരനുമായുള്ള തര്‍ക്കം അക്രമത്തില്‍ കലാശിച്ചു; കാനഡയില്‍ ഇന്ത്യന്‍ വംശജ അറസ്റ്റില്‍,വാക്കുതര്‍ക്കം ശാരീരിക ആക്രമണത്തിലേക്ക് കടന്നതാണ് കാരണം
ഒട്ടാവ: കാനഡയിലെ കാല്‍ഗറിയില്‍ വഴിയാത്രക്കാരനുമായുള്ള തര്‍ക്കം കൈയേറ്റത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജ അറസ്റ്റില്‍. വാക്കുതര്‍ക്കം ശാരീരിക ആക്രമണത്തിലേക്ക് കടക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
വഴിയാത്രക്കാരന്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതി വഴി നല്‍കിയില്ല എന്നാണ് ആരോപണം. തുടര്‍ന്ന് വഴിയാത്രക്കാരന്‍ തന്റെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിത്തുടങ്ങിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയായിരുന്നു. വീഡിയോയില്‍ യുവതി വാഹനത്തിന്റെ പാസഞ്ചര്‍ സീറ്റില്‍ നിന്ന് പുറത്തിറങ്ങി വഴിയാത്രക്കാരനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് കാണാം. തന്റെ വീഡിയോ പകര്ത്തുന്നത് നിയമവിരുദ്ധമാണെന്ന് പറയുന്ന യുവതി, തുടര്‍ന്ന് യുവാവിന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.
തുടര്‍ന്ന് വഴക്ക് ശാാരീരിക അതിക്രമത്തിലേക്ക് മാറി. യുവതി വഴിയാത്രക്കാരന്റെ ബാഗില്‍ പിടിച്ചുവലിക്കുകയും നടപ്പാതയിലൂടെ വലിച്ചിഴക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. സ്ത്രീയുടെ ഭര്‍ത്താവ് ലൈസന്‍സ് ഇല്ലാതെയാണ് വാഹനമോടിച്ചതെന്ന് ആക്രമണത്തിനിരയായ യുവാവ് പറയുന്നു. എന്നാല്‍ വൈറലായ വീഡിയോയെക്കുറിച്ചോ അറസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളെക്കുറിച്ചോ അധികാരികള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.