കാനഡയിൽ ക്രിസ്‌തീയ മതസ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും നേരിട്ട് ബാധിക്കുന്ന വിദ്വേഷ വിരുദ്ധ ബിൽ കനേഡിയൻ പാർലമെന്റ് പാസ്സാക്കി
കാനഡയിൽ ക്രിസ്‌തീയ മതസ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും നേരിട്ട് ബാധിക്കുന്ന വിദ്വേഷ വിരുദ്ധ ബിൽ (Bill C-9) കനേഡിയൻ പാർലമെന്റ് പാസ്സാക്കി. ബൈബിളിലെ കുടുംബം, ധാർമ്മികത, വിവാഹം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന പ്രബോധനങ്ങൾ പരസ്യമായി ഉദ്ധരിക്കുന്നത് പോലും 'വിദ്വേഷ പ്രസംഗമായി' മുദ്രകുത്താൻ പുതിയ നിയമം അധികാരം നൽകുന്നു. ലൈംഗികത, ലിംഗമാറ്റം തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലപാടുകളെയും ദൈവവചനത്തെയും നേരിട്ട് ലക്ഷ്യം വെക്കാനുള്ള നീക്കമാണിതെന്ന് ക്രൈസ്തവ സംഘടനകൾ ആരോപിക്കുന്നു.
. ബുധനാഴ്ച വൈകുന്നേരം നടന്ന വോട്ടെടുപ്പിൽ 137-നെതിരെ 186 വോട്ടുകൾക്കാണ് ബിൽ പാസ്സായത്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിയും ബ്ലോക്ക് ക്യൂബെക്കോയിസ് പാർട്ടിയും ബില്ലിനെ അനുകൂലിച്ചു.
എന്നാൽ കൺസർവേറ്റീവ് പാർട്ടി, എൻ.ഡി.പി, ഗ്രീൻ പാർട്ടി എന്നിവർ അസാധാരണമായ ഐക്യത്തോടെ ബില്ലിനെതിരെ വോട്ട് ചെയ്തു. നേരത്തെ നിലവിലുണ്ടായിരുന്ന മതപരമായ ഇളവുകൾ പുതിയ ഭേദഗതിയിലൂടെ നീക്കം ചെയ്തതാണ് ഏറ്റവും വലിയ വിവാദത്തിന് കാരണമായത്.
ഇത് ബൈബിൾ വചനങ്ങളെ നേരിട്ട് ലക്ഷ്യം വെക്കാനുള്ള നീക്കമാണെന്ന് ക്രൈസ്തവ സംഘടനകൾ ആരോപിക്കുന്നു. കനേഡിയൻ കത്തോലിക്കാ മെത്രാൻ സമിതി (CCCB) ഈ ഭേദഗതിയെ ശക്തമായി അപലപിക്കുകയും ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തെഴുതുകയും ചെയ്തു."നിയമത്തിന്റെ മറവിൽ വിശ്വാസികൾക്കെതിരെ യഥാർത്ഥ പീഡനം തുടങ്ങാൻ ഈ ബിൽ വഴിതുറക്കും," എന്ന് 'ക്യാമ്പയിൻ ലൈഫ് കോയലിഷൻ' (CLC) വക്താവ് ഡേവിഡ് കുക്ക് പറഞ്ഞു.
. ഹൗസ് ഓഫ് കോമൺസ് പാസ്സാക്കിയ ബിൽ ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് അയക്കും. സെനറ്റർമാരെ ഫോണിലൂടെയും ഇമെയിലിലൂടെയും ബന്ധപ്പെട്ട് പ്രതിഷേധം അറിയിക്കാൻ കൺസർവേറ്റീവ് നേതാക്കൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു. സെനറ്റിലെ ഭൂരിഭാഗം പേരും മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിയമിച്ചവരായതിനാൽ ബിൽ തടയുക എന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
ഒരാളുടെ 'വികാരങ്ങളെ' വ്രണപ്പെടുത്തുന്ന തരത്തിൽ സംസാരിക്കുന്നത് പോലും കുറ്റകരമാക്കാൻ പോലീസിനും സർക്കാരിനും അനുവാദം നൽകുന്ന ഈ നിയമം കാനഡയുടെ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.