ടയർ പൊട്ടിയ കാറുമായി 18 വയസ്സുകാരൻ അതിവേഗത്തിൽ പാഞ്ഞ് ഒരു ഡസനിലേറെ വാഹനങ്ങളെ ഇടിപ്പിച്ചു. കാറിടിച്ചു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനടക്കം പരുക്ക്
കോട്ടയം: ടയർ പൊട്ടിയ കാറുമായി 18 വയസ്സുകാരൻ അതിവേഗത്തിൽ പാഞ്ഞ് ഒരു ഡസനിലേറെ വാഹനങ്ങളെ ഇടിപ്പിച്ചു. നിരവധി പേർക്ക് പരുക്ക്.
റോഡിലൂടെ മരണപ്പാച്ചിൽ നടത്തിയ ഇന്നോവ കാർ നാട്ടുകാർ സാഹസികമായി തടഞ്ഞു.
തിരുവല്ലയിൽ നിന്ന് വാടകയ്ക്കെടുത്ത കാറിൽ എത്തിയ 18 വയസ്സുകാരൻ എട്ടു കിലോമീറ്ററോളം അമിതവേഗത്തിൽ പാഞ്ഞ് ഒരു ഡസനിലേറെ വാഹനങ്ങളിൽ ഇടിച്ചുതെറിപ്പിച്ചതായാണ് പരാതി.
സംഭവത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഗോകുൽ (18) നെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു.
യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. യുവാവിന വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
രാത്രിയായിരുന്നു അപകടപരമ്പര. തിരുവല്ലയിൽനിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് വരികയായിരുന്ന ഗോകുൽ ഓടിച്ചിരുന്ന ഇന്നോവ ആദ്യം പായിപ്പാട് മുണ്ടുകോട്ട ഭാഗത്തുവച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നന്ദിതയെ (21) ഇടിച്ചുവീഴ്ത്തി.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്നു നന്ദിത.
അപകടത്തിൽ കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനുശേഷവും കാർ നിർത്താതെ അമിതവേഗത്തിൽ പാഞ്ഞു. തൃക്കൊടിത്താനം വഴി തെങ്ങണയിലെത്തിയ കാർ കണ്ണോട്ടയിൽവച്ച് ആറു വാഹനങ്ങളിൽക്കൂടി ഇടിച്ചതായി പോലീസ് പറഞ്ഞു.
ഇതിനിടെ കാറിന്റെ മുൻവശത്തെ ടയർ പൊട്ടിയിരുന്നു. ടയർ പൊട്ടിയ നിലയിൽ റോഡിലൂടെ തീപ്പൊരി പാറിച്ചായിരുന്നു പിന്നീടുള്ള യാത്ര.
ഒരു ഡസനിലേറെ വാഹനങ്ങൾക്ക് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചതായാണ് പരാതി.
കാർ നിർത്താതെ പാഞ്ഞതോടെ നാട്ടുകാർ പിന്നാലെ എത്തി തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് തൃക്കൊടിത്താനം പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ഗോകുലിനെ കസ്റ്റഡിയിലെടുത്തു.