അമീബിക് മസ്തിഷ്കജ്വരം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

അമീബിക് മസ്തിഷ്കജ്വരത്തെ തുരത്തുവാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. നിലവിൽ രോഗം സ്ഥിരീകരിച്ച് 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
52കാരിയായ മലപ്പുറം സ്വദേശി ശനിയാഴ്ചയും മൂന്നുമാസം പ്രായമുള്ള കുഞ്ഞ് തിങ്കളാഴ്ച പുലർച്ചയും ആണ് മരിച്ചത്.
ബ്രെയിൻ ഈറ്റിംഗ് അമീബ എന്നറിയപ്പെടുന്ന വിഭാഗത്തിൽ വരുന്ന അമീബയാണ് രോഗം പരത്തുന്നത്. രോഗബാധിതരിൽ രണ്ടുപേർ നിലവിൽ വെന്റിലേറ്ററിലാണ് കഴിയുന്നത്. ഇവരിൽ മറ്റാരോഗ പ്രശ്നമുള്ളതും വെല്ലുവിളിയാണ്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും, ആവശ്യത്തിനുള്ള മരുന്നും സംവിധാനങ്ങളും ആശുപത്രിയിൽ ഉണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
ശുചീകരിക്കാത്ത വെള്ളത്തിൽ നീന്തുകയോ മുങ്ങി കുളിക്കുകയോ ചെയ്യുമ്പോഴാണ് രോഗാണുക്കൾ തലച്ചോറിൽ കൂടുതലായും എത്തുന്നത്.
ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് “ജലമാണ് ജീവൻ” ക്യാമ്പയിന് സംസ്ഥാന സർക്കാർ രൂപം നൽകിയിട്ടുണ്ട്. ഇതിനോട് അനുബന്ധിച്ച് കഴിഞ്ഞമാസം 30, 31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടർടാങ്കുകൾ വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു