അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് കേസുകൾ വർധിക്കുന്നു, ആരോഗ്യവകുപ്പിന് ആശങ്കയിൽ

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വര ബാധിതരുടെ എണ്ണം കൂടുന്നതിനാൽ ആരോഗ്യവകുപ്പ് ആശങ്കയിൽ. കൃത്യമായി ഉറവിടം മനസിലാവാത്തതാണ് ആശങ്കയ്ക്ക് കാരണം. മലപ്പുറം ,കോഴിക്കോട് ജില്ലക്കാരായ ആറുപേരാണ് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ഉറവിടം വ്യക്തമാവാൻ രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് കിണർ വെള്ളത്തിൽ നിന്നാണ് രോഗം ഉണ്ടായതെന്ന നിഗമനമാണ് ആരോഗ്യവകുപ്പിന് ഉള്ളത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇവർക്ക് പുറമെ മൂന്ന് കോഴിക്കോട് സ്വദേശികൾ കൂടി മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ ഉണ്ട്. എന്നാൽ രോഗത്തിന്റെ ഉറവിടം ഇതുവരെ ലഭ്യമായിട്ടില്ല. ഇവരുടെ സാമ്പിളുകൾ ശേഖരിച്ചുവെങ്കിലും പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഇതിനുപുറമേ ഒരാൾ രോഗലക്ഷണങ്ങളോടെയും ചികിത്സയിൽ ഉണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അതേസമയം താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാംക്ലാസുകാരി മരിച്ചിരുന്നു.