ക്രൈസ്തവ സംഘടനകളെ ‘അവകാശ വിരുദ്ധർ’ എന്ന് വിശേഷിപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ച് അംനസ്റ്റി ഇന്റർനാഷണൽ യുകെ
യുകെയിലെ പ്രമുഖ ക്രൈസ്തവ, പ്രോ-ലൈഫ് സംഘടനകളെ ‘അവകാശ വിരുദ്ധ’ (Anti-rights) കൂട്ടായ്മകളായി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ച് മനുഷ്യാവകാശ സംഘടനയായ അംനസ്റ്റി ഇന്റർനാഷണൽ യുകെ ശാഖ. തീവ്രമായ പ്രതിഷേധങ്ങളെയും നിയമപരമായ വിമർശനങ്ങളെയും തുടർന്ന് വിവാദ റിപ്പോർട്ട് തങ്ങളുടെ വെബ്‌സൈറ്റിൽ നിന്ന് സംഘടന അടിയന്തരമായി നീക്കം ചെയ്യുകയും ചെയ്തു.
‘യുകെയിലെ അവകാശ വിരുദ്ധ പ്രസ്ഥാനങ്ങൾ: വളരുന്ന ഭീഷണി’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ റിപ്പോർട്ടാണ് കടുത്ത വിവാദങ്ങൾക്ക് വഴിവെച്ചത്. ഇംഗ്ലണ്ടിലെയും വെയ്‌ൽസിലെയും കത്തോലിക്കാ മെത്രാൻ സമിതി (CBCEW), കാത്തലിക് ഹെറാൾഡ്, അലയൻസ് ഡിഫെൻഡിംഗ് ഫ്രീഡം (ADF) ഇന്റർനാഷണൽ, റൈറ്റ് ടു ലൈഫ് യുകെ, ഇവാഞ്ചലിക്കൽ അലയൻസ് യുകെ ഉൾപ്പെടെ 117 സംഘടനകളെയാണ് അംനസ്റ്റി തങ്ങളുടെ റിപ്പോർട്ടിൽ സ്ത്രീകളുടെയും എൽ.ജി.ബി.ടി.ക്യു+ സമൂഹത്തിന്റെയും അവകാശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരായി കുറ്റപ്പെടുത്തിയത്. ഇതിനുപുറമെ, ഈ സംഘടനകളുടെ ചാരിറ്റി പദവി റദ്ദാക്കണമെന്ന ആവശ്യവും റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നു.
സംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് അംനസ്റ്റി ഇന്റർനാഷണൽ യുകെ പുറത്തിറക്കിയ പ്രസ്താവനയിലാണ് തങ്ങളുടെ വീഴ്ച സമ്മതിച്ചത്. സംഘടനയുടെ നയങ്ങൾക്കും കൃത്യതയ്ക്കും അനുസൃതമാണോ എന്ന് പരിശോധിക്കുന്നതിനുള്ള ആഭ്യന്തര വിലയിരുത്തൽ പ്രക്രിയകൾ പൂർത്തിയാക്കാതെയാണ് റിപ്പോർട്ട് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തതെന്ന് അംനസ്റ്റി വക്താവ് വ്യക്തമാക്കി. റിപ്പോർട്ടിൽ ഉപയോഗിച്ച ഭാഷ അംനസ്റ്റി ഇന്റർനാഷണലിന്റെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും അവർ കൂട്ടിച്ചേർത്തു.
അംനസ്റ്റിയുടെ നടപടിക്കെതിരെ കത്തോലിക്കാ മെത്രാൻ സമിതി ശക്തമായ ഭാഷയിൽ പ്രതികരിച്ചു. കത്തോലിക്കാ സഭ യാതൊരു വിവേചനവുമില്ലാതെ മനുഷ്യരാശിയുടെ ദൈവദത്തമായ അവകാശങ്ങളെയാണ് ഉയർത്തിപ്പിടിക്കുന്നതെന്ന് മെത്രാൻ സമിതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അഭയാർഥികൾ, മനുഷ്യക്കടത്തിന് ഇരയായവർ, അന്യായമായി തടവിലാക്കപ്പെട്ടവർ എന്നിവരുടെ അവകാശങ്ങൾക്കും ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെയുള്ള ജീവന്റെ സംരക്ഷണത്തിനും വേണ്ടിയാണ് സഭ നിലകൊള്ളുന്നതെന്നും, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകൾ അനുസരിച്ച് മതസ്വാതന്ത്ര്യത്തിനും മനസ്സാക്ഷിയുടെ സ്വാതന്ത്ര്യത്തിനുമായാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും സഭ വ്യക്തമാക്കി.