നൈജീരിയയിലെ തടങ്കൽ പാളയത്തിൽ 150 പേർ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്റർനാഷണൽ
നൈജീരിയയിലെ ക്വാറ സംസ്ഥാനത്ത് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള തടങ്കൽ പാളയത്തിൽ 150 പേർ മരിച്ചതായി റിപ്പോർട്ട്. ജനുവരി മുതൽ നിയമവിരുദ്ധമായി തടവിലാക്കപെട്ടവരാണ് മരിച്ചതെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ആരോപിച്ചു.
സായുധ സംഘങ്ങളുടെ ആക്രമണത്തെ തുടർന്ന് പലായനം ചെയ്തുവന്ന ഏകദേശം 1500-ഓളം സാധാരണക്കാരാണ് ഈ ക്യാമ്പിൽ കഴിയുന്നത്.
ക്യാമ്പിലെ മോശം സാഹചര്യങ്ങളും മതിയായ ആഹാരത്തിന്റെ ലഭ്യതക്കുറവും രോഗങ്ങളുമാണ് മരണത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കടുത്ത പോഷകാഹാരക്കുറവും വൃത്തിഹീനമായ അന്തരീക്ഷവുമാണ് ഇവിടെയുള്ളതെന്നും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞിരിക്കുകയാണെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സംഘടന നൈജീരിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
എന്നാൽ ക്യാമ്പുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രതികരിച്ച നൈജീരിയൻ സൈന്യം, ഇത്തരം തടങ്കൽ പാളയങ്ങൾ സൈന്യത്തിന്റെ കീഴിലല്ല പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കി.
അതേസമയം പ്രദേശത്ത് പട്ടിണി അനുഭവിക്കുന്ന കുട്ടികൾ ഉണ്ടെന്ന വിവരം ലഭിച്ചതായും സഹായമെത്തിക്കാൻ ശ്രമിക്കുകയാണെന്നും സന്നദ്ധ സംഘടനകൾ അറിയിച്ചു.