ജാമ്യത്തിനായുള്ള നടപടി സ്വീകരിക്കുമെന്ന് അമിത്ഷാ അറിയിച്ചു; കൂടിക്കാഴ്ചയിൽ പ്രതീക്ഷയോടെ യുഡിഎഫ് എംപിമാർ

ന്യൂഡല്‍ഹി:ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് എംപിമാർ. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് തങ്ങളെന്നും അവരുടെ അറസ്റ്റിലും കോടതിയുടെ നടപടികളിലും ഗുരുതരമായി വീഴ്ച ഉണ്ടായെന്ന് അമിത് ഷായ്ക്ക് ബോധ്യമായി എന്നും യുഡിഎഫ് എംപിമാർ മാധ്യമങ്ങളോട് പറഞ്ഞു.
മതേതര ഭാരതം ഉത്കണ്ഠയോടെ നില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് എന്‍ഐഎയ്ക്ക് കേസ് വിട്ടത്. അതില്‍ വീഴ്ചയുണ്ടെന്ന് ആഭ്യന്തര മന്ത്രിയും ശരിവെച്ചു. കൂടിക്കാഴ്ചയെ പ്രത്യാശയോടെയാണ് നോക്കി കാണുന്നത്. കേരളത്തിലെ എംപിമായും നേതാക്കളും രാഹുലും പ്രിയങ്കാ ഗാന്ധിയുമുൾപ്പടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. ആഭ്യന്തര മന്ത്രി നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങള്‍ മനസിലാക്കി. ആഭ്യന്തര മന്ത്രി തങ്ങളോട് വേണ്ട ഉചിതമായ നടപടി കൈക്കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും യുഡിഎഫ് എം പിമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
കന്യാസ്ത്രീകളുടെ കേസ് എൻഐ കോടതിയിലേക്ക് വിട്ടതിൽ ഗൂഡാലോചന ഉണ്ടായോ എന്ന് സംശയിക്കുന്നുണ്ട്. ആക്രമണം നടത്തിയ ബജ്‌റംഗദൾ പ്രവർത്തകർക്ക് എതിരെ കേസ് എടുക്കണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും എം പിമാർ ആവശ്യപ്പെട്ടു.
ഇന്ന് പകല്‍ പന്ത്രണ്ട് മണിയോടെയായിരുന്നു യുഡിഎഫ് എംപിമാര്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയത്. അതിനുമുന്നോടിയായാണ് അമിത് ഷാ ചത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്. സംഭവത്തില്‍ അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടി. വിഷയം സജീവമായ പശ്ചാത്തലത്തിലാണ് വിശദാംശങ്ങള്‍ തേടിയത്. പ്രധാനമന്ത്രിയുമായി അമിത് ഷാ വിഷയം സംസാരിച്ചുവെന്നാണ് വിവരം.