വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ഗോള്‍ഡേഴ്‌സ് ഗ്രീനില്‍ ജൂത സന്നദ്ധ സംഘടനയുടെ ആംബുലന്‍സുകള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം
വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ഗോള്‍ഡേഴ്‌സ് ഗ്രീനില്‍ ജൂത സന്നദ്ധ സംഘടനയുടെ ആംബുലന്‍സുകള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ജൂത പള്ളിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന നാലോളം ആംബുലന്‍സുകളാണ് തീയിട്ട് നശിപ്പിച്ചത്. സംഭവത്തെ 'യഹൂദ വിരുദ്ധ വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കി ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ലണ്ടനിലെ ഏറ്റവും വലിയ ജൂത ജനവിഭാഗം താമസിക്കുന്ന മേഖലയിലാണ് ആക്രമണം നടന്നത്. ഇന്ന് പുലര്‍ച്ചെ 1:30-ഓടെ മൂന്ന് മുഖംമൂടി ധരിച്ച വ്യക്തികള്‍ ആംബുലന്‍സുകള്‍ക്ക് സമീപമെത്തി തീയിടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആംബുലന്‍സുകളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതോടെ വന്‍ ശബ്ദമുണ്ടാകുകയും പ്രദേശവാസികള്‍ പരിഭ്രാന്തിയിലാകുകയും ചെയ്തു. സ്‌ഫോടനത്തെത്തുടര്‍ന്ന് സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ മുന്‍കരുതല്‍ നടപടിയായി ഒഴിപ്പിച്ചു. 'ഭയാനകമായ സാഹചര്യത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്' എന്ന് പ്രദേശവാസികള്‍ ആശങ്ക രേഖപ്പെടുത്തി. സംഭവത്തെത്തുടര്‍ന്ന് ലണ്ടനിലെ ജൂത കേന്ദ്രങ്ങളില്‍ സുരക്ഷാ പട്രോളിംഗ് ശക്തമാക്കിയതായും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പോലീസ് അറിയിച്ചു.