കേരളത്തിലെ എസ്ഐആര്‍ കണക്കുകളില്‍ അവ്യക്തത; കന്നി വോട്ടര്‍മാരുടെ എണ്ണം വെളിപ്പെടുത്താതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: രാജ്യത്ത് വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടയില്‍, കേരളത്തിലെ എസ്ഐആര്‍ കണക്കുകളിലെ അവ്യക്തതകള്‍ പുറത്തുവരുന്നു. അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ട കന്നി വോട്ടര്‍മാരുടെ കൃത്യമായ എണ്ണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
എസ്ഐആര്‍ കരട് പട്ടികയില്‍ നിന്ന് 24 ലക്ഷത്തോളം വോട്ടര്‍മാരാണ് പുറത്തായത്. പിന്നീട് അന്തിമ പട്ടികയില്‍ 15 ലക്ഷത്തിലേറെ വോട്ടര്‍മാര്‍ തിരിച്ചെത്തിയെന്നാണ് കമ്മീഷന്റെ വാദം. എന്നാല്‍ ഈ 15 ലക്ഷത്തില്‍ യഥാര്‍ത്ഥത്തില്‍ കന്നി വോട്ടര്‍മാര്‍ എത്രയാണെന്ന് വ്യക്തമല്ല. പുതിയ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കന്നി വോട്ടര്‍മാരെ പ്രത്യേകം കണ്ടെത്താന്‍ കഴിയില്ലെന്നാണ് കമ്മീഷന്റെ വിശദീകരണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാരും സമാനമായ പ്രശ്‌നങ്ങള്‍ പലതവണ ഉന്നയിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് വലിയ ക്യാമ്പയിനുകള്‍ നടന്നിട്ടുണ്ടെങ്കിലും, ഈ കണക്കുകള്‍ കമ്മീഷന്‍ മറച്ചുവെക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പുറത്തായ വോട്ടര്‍മാരുടെ കണക്കുകളിലും വലിയ പൊരുത്തക്കേടുകളുണ്ട്. തിരഞ്ഞെടുപ്പില്‍ 8.97 ലക്ഷം വോട്ടര്‍മാര്‍ മാത്രമാണ് പുറത്തായതെന്നും, തിരഞ്ഞെടുപ്പിന് ശേഷം 3.92 ലക്ഷം വോട്ടര്‍മാര്‍ തിരിച്ചെത്തിയെന്നുമാണ് കമ്മീഷന്‍ പറയുന്നത്. എസ്ഐആറിന് മുമ്പ് 2,78,50,855 വോട്ടര്‍മാര്‍ ഉണ്ടായിരുന്ന കേരളത്തില്‍, കരട് പട്ടിക പുറത്തിറങ്ങിയപ്പോള്‍ അത് 2,54,42,352 ആയി കുറഞ്ഞു. അതായത് 24,08,503 വോട്ടര്‍മാരാണ് കരട് പട്ടികയില്‍ നിന്ന് ഒഴിവായത്. പിന്നീട് അന്തിമപട്ടിക പുറത്തുവന്നപ്പോള്‍ എണ്ണം 2,69,53,644 ആയി ഉയര്‍ന്നു. 15,11,292 വോട്ടുകള്‍ തിരിച്ചെത്തിയെന്ന് കമ്മീഷന്‍ വ്യക്തമാക്കുമ്പോഴും, ഇതില്‍ മുന്‍പ് പുറത്തായവരില്‍ എത്ര പേര്‍ തിരിച്ചെത്തി എന്നതിന് കൃത്യമായ കണക്കില്ല. നിലവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,73,46,351 (05/10/2026) ആണ്.
അതേസമയം, എസ്ഐആറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായതോടെ മുഖംരക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക നടപടികളിലേക്ക് കടന്നിരിക്കുകയാണ്. പട്ടികയില്‍ നിന്ന് പുറത്തായ അര്‍ഹരായവരെ വീണ്ടും ഉള്‍പ്പെടുത്തുന്നതിനായി ഒക്ടോബര്‍ 15 മുതല്‍ 31 വരെ പ്രത്യേക യജ്ഞം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി. ലഭിച്ച മുഴുവന്‍ പരാതികളും തീര്‍പ്പാക്കിയെന്നും, കലാലയങ്ങളില്‍ വോട്ട് ചേര്‍ക്കുന്നതിനുള്ള പ്രചാരണങ്ങള്‍ ശക്തമാക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡി. സജിത്ത് ബാബു വ്യക്തമാക്കി.