ഡോക്ടര്‍മാര്‍ അത്ഭുതപ്പെട്ട അതിജീവന കഥ! ഗര്‍ഭാവസ്ഥയുടെ 28-ാം ആഴ്ചയില്‍  ജനിച്ച ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ അമ്മ നടത്തിയ നന്ദിപ്രര്‍ത്ഥന 

 
ceara


ഡോക്ടര്‍മാര്‍ പോലും അത്ഭുതപ്പെട്ട അതിജീവന കഥ! ഗര്‍ഭാവസ്ഥയുടെ 28-ാം ആഴ്ചയില്‍ അകാലത്തില്‍ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ഒരു അമ്മ നടത്തിയ നന്ദിപ്രര്‍ത്ഥന  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബ്രസീലിയന്‍ സ്വദേശിയായ അന്റോണിയ കെലിയാനെ എന്ന അമ്മയാണ് തന്റെ ഇരട്ടക്കുഞ്ഞുങ്ങളെയും കൈകളില്‍ ഏന്തി ബ്രസീലിലെ സിആറയിലുള്ള പ്രശസ്തമായ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ബസിലിക്കയില്‍  നന്ദിയര്‍പ്പിക്കാന്‍ എത്തിയത്. 

ബ്രസീലിലെ സാന്‍  ഡൊമിംഗോസ് ഡൊ കരീരിയില്‍ നിന്നുള്ള അന്റോണിയ, നൂറുകണക്കിന് മൈലുകള്‍ സഞ്ചരിച്ചാണ് ഇവിടെ  എത്തിയത്. കുഞ്ഞുങ്ങള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ജീവിതത്തോടും മരണത്തോടും മല്ലടിച്ച നാളുകളില്‍, സൗക്ക്യം ലഭിച്ചാല്‍  ബസിലിക്കയില്‍ നേരിട്ടെത്തി കാഴ്ചവെക്കാമെന്ന് അന്റോണിയ നേര്‍ച്ച നേര്‍ന്നിരുന്നു.

 '28 ആഴ്ച മാത്രമുള്ളപ്പോഴാണ് മക്കള്‍ ജനിച്ചത്. ഭയത്തിന്റെയും വേദനയുടെയും നാളുകളായിരുന്നു അത്. എങ്കിലും വിശ്വാസം ഞങ്ങളെ കൈവിട്ടില്ല. മക്കളെ  വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചാല്‍ ഇവിടെയെത്തി നന്ദി പറയും എന്ന് ഞാന്‍ വിശുദ്ധ ഫ്രാന്‍സിസിനോട് നേര്‍ന്നിരുന്നു. ഇന്ന് ആ വലിയ കൃപയ്ക്ക് നന്ദി പറയാന്‍ രണ്ട് മക്കളെയും കൈകളില്‍ ഏന്തി ഞാന്‍ ഇവിടെ നില്‍ക്കുന്നു എന്ന് അന്റോണിയ പറഞ്ഞു.  തന്റെ മക്കള്‍ ദൈവത്തിന്റെയും വിശുദ്ധന്റെയും 'ജീവിക്കുന്ന രണ്ടു സാക്ഷ്യങ്ങളാണ്' എന്ന് വിതുമ്പലോടെ അന്റോണിയ കൂട്ടിച്ചേര്‍ത്തു. ഈ  വീഡിയോ ബസിലിക്കയുടെ ഔദ്യോഗിക പേജ് പങ്കുവെച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് ഇത് ഏറ്റെടുത്തത്. വലിയ വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത, ഒരു അമ്മയുടെ ആഴമേറിയ വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ നിമിഷമെന്ന് ബസിലിക്ക  അധികാരികള്‍ കുറിച്ചു.

Tags

Share this story

From Around the Web