അമൽ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ തുടിക്കും. വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ്ക്കൊരുങ്ങി കേരളം

വീണ്ടുമൊരു ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുകയാണ് കേരളം. മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക് നൽകുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം എയർ ലിഫ്റ്റ് ചെയ്യും. അല്പ സമയം മുൻപാണ് അമലിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുക എന്നതാണ് പുറത്ത് വരുന്ന വിവരം. ഹൃദയം, കരള്‍, കിഡ്‌നി, പാന്‍ക്രിയാസ് എന്നിവയാണ് ദാനം ചെയ്യുന്നത്.
എറണാകുളം കിംസ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് ഒരു കിഡ്‌നിയും കരളും പാന്‍ക്രിയാസുമാണ് മാറ്റിവെയ്ക്കുക.
ഒരു കിഡ്‌നി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൈമാറും. നിലവിൽ ശസ്ത്രക്രിയ നടപടികൾ പുരോഗമിക്കുകയാണ്. 11 മണിയോടെ ഹൃദയം എയർ ലിഫ്റ്റ് ചെയ്യുമെന്നാണ് വിവരം.
മലയിൻകീഴ് സ്വദേശിയാണ് മരിച്ച അമൽ ബാബു. നാല് ദിവസം മുൻപ് വാഹനാപകടത്തിൽ പരുക്കേറ്റാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് അമലിനെ കൊണ്ടുവരുന്നത്.
ചികിത്സയിൽ കഴിയുന്നതിനിടെയാണ് അമലിന് മസ്തിഷ്ക മരണം സംഭവിക്കുന്നത്.