ആല്‍ത്തറ വിനീഷ് വധക്കേസ്: ശോഭ ജോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു
തിരുവനന്തപുരം: ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ശോഭ ജോണ്‍, അനില്‍കുമാര്‍ (കേപ്പന്‍ അനി), രാജേന്ദ്രന്‍, രതീഷ്, ചന്ദ്രബോസ്, സാജു, വിമല്‍, രാധാകൃഷ്ണന്‍ എന്നിവരായിരുന്നു കേസിലെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.
വിചാരണ വേളയില്‍ പ്രധാന സാക്ഷികള്‍ മരണപ്പെട്ടതും മറ്റ് സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതും പ്രതികള്‍ക്ക് അനുകൂലമായി മാറുകയായിരുന്നു.
2009 ഓഗസ്റ്റിലാണ് കേസിനാസ്പദമായ അത്യന്തം നാടകീയമായ സംഭവം അരങ്ങേറുന്നത്.
നഗരത്തിലെ പ്രധാന ഗുണ്ടാ നേതാവായ ആല്‍ത്തറ വിനീഷ്, സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായി ജാമ്യവ്യവസ്ഥയുടെ ഭാഗമായി രജിസ്റ്ററില്‍ ഒപ്പിട്ട് പുറത്തിറങ്ങിയ ഉടനെയാണ് ആക്രമിക്കപ്പെട്ടത്.
കമ്മീഷണര്‍ ഓഫീസിന് തൊട്ടടുത്തുള്ള ആല്‍ത്തറ ജംഗ്ഷനില്‍ വെച്ച് ശോഭ ജോണിന്റെ ക്വട്ടേഷന്‍ സംഘം വിനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേപ്പന്‍ അനിയുടേയും രണ്ടാം പ്രതി രാജേന്ദ്രന്റേയും സഹോദരന്മാരെ മുന്‍പ് കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായിരുന്നു ഈ കൊലപാതകമെന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്.