കെനിയയില്‍ അല്‍-ഷബാബ് ഭീകരാക്രമണം: അഞ്ച് ക്രൈസ്തവര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കു ദാരുണാന്ത്യം

 
kenya


നെയ്റോബി / മന്ദേര: ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ മന്ദേര കൗണ്ടിയില്‍ ഇസ്ലാമിക ഭീകര സംഘടനയായ അല്‍-ഷബാബ് നടത്തിയ ഭീകരാക്രമണത്തില്‍ അഞ്ച് ക്രൈസ്തവ തൊഴിലാളികള്‍ അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു. നവംബര്‍ 10-ന് രാവിലെ മന്ദേര-അറേബ്യ റോഡിലെ ഹഗര്‍സു പ്രദേശത്താണ് സംഭവം. 

റോഡ് നിര്‍മ്മാണ പദ്ധതി പരിശോധിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് നേരെ സൊമാലിയ ആസ്ഥാനമായുള്ള അല്‍-ഷബാബ് ഭീകരര്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. തൊഴിലാളികള്‍ പിന്തുടരുന്ന വിശ്വാസം കണക്കിലെടുത്തായിരിന്നു ആക്രമണമെന്നു ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന 'ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രൈസ്തവര്‍ക്ക് പുറമെ ഒരു ഡ്രൈവറും, തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കിയിരുന്ന രണ്ട് പോലീസ് സേനാംഗങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണം പെട്ടെന്നുള്ളതായിരിന്നുവെന്ന് സംഭവത്തിന് സാക്ഷിയായ ഒരാള്‍ പറഞ്ഞു. 'പലരും കടുത്ത ആഘാതത്തിലാണ്. എങ്കിലും മരണത്തിന്റെ നിഴല്‍ വീണ താഴ്വരയിലൂടെ നടന്നാലും ഞങ്ങള്‍ ഭയപ്പെടുകയില്ല, കാരണം യേശു ഞങ്ങളോടൊപ്പമുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ദൈവത്തിലാണ് ഞങ്ങളുടെ പ്രത്യാശ' - ദൃക്സാക്ഷി വ്യക്തമാക്കി. അതേസമയം കെനിയയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തി മേഖലകളില്‍ അല്‍-ഷബാബ് നടത്തിവരുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് സംഭവത്തെ വിലയിരുത്തുന്നത്.

സൊമാലിയയുമായി അതിര്‍ത്തി പങ്കിടുന്ന മന്ദേര കൗണ്ടിയില്‍ താമസിക്കുന്ന ക്രൈസ്തവര്‍ കടുത്ത സുരക്ഷാ ഭീഷണിയിലാണ് കഴിയുന്നത്. ജോലി ആവശ്യങ്ങള്‍ക്കായി ഈ മേഖലയിലേക്ക് എത്തുന്നവര്‍ തീവ്രവാദികളുടെ ഇരയാകുന്നതായി നേരത്തെ മുതല്‍ റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ പ്രദേശത്തെ ക്രൈസ്തവ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന കൂട്ടായ്മ പരിമിതപ്പെടുത്തിയിരിക്കുകയാണ്.

 വിശ്വാസികള്‍ ആരാധനകളില്‍ പങ്കെടുക്കുന്നതും ജോലിസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതും അതീവ ഭയത്തോടെയാണെന്നു 'ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍' റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിക്ക് മുന്നില്‍ പതറാതെ സുവിശേഷ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രാദേശിക ക്രൈസ്തവ നേതൃത്വം വ്യക്തമാക്കി.

Tags

Share this story

From Around the Web