രോഗവും വിമർശനവും തെറ്റിദ്ധാരണകളും അൽഫോൻസാമ്മ സ്വർഗപാതയാക്കി: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

 
098988

ഭരണങ്ങാനം: രോഗങ്ങൾ, വിമർശനങ്ങൾ, തെറ്റിദ്ധാരണകൾ തുടങ്ങിയ സഹനങ്ങൾ സ്വർഗത്തിലേക്കുള്ള വഴിയായി സ്വീകരിച്ച് നമുക്ക് മുൻപേ സ്വർഗത്തിലെത്തിയ വിശുദ്ധയാണ് അൽഫോൻസാമ്മയെന്ന് പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്. ഭരണങ്ങാനത്ത് അൽഫോൻസ തിരു നാളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ജീവിതത്തിലെ ഒരു സഹനവും നിരർത്ഥകമല്ല. അതിന് ദൈവികമായ പദ്ധതിയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തങ്ങളുടെ ജീവിതത്തിൽ അൽ ഫോൻസാമ്മയിലൂടെ ദൈവം നൽകിയ അനുഗ്രഹത്തിന് നന്ദി പറയാൻ എത്തുന്നവരുടെ സാക്ഷ്യം അൽഫോൻസാമ്മ ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു എന്നതിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുനാളിന്റെ നാലാം ദിവസമായ ഇന്നലെ ഫാ. ജോസഫ് താന്നിക്കാപ്പാറ, ഫാ. ഏബ്രഹാം കണിയാംപടിക്കൽ, ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഫാ. ജോർജ് തെരുവിൽ, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഫാ.ഡോ. തോമസ് മേനാച്ചേരി, ഫാ. ജേക്കബ് പുതിയാപറമ്പിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.

വൈകുന്നേരം 6.15ന് ഫാ. സെബാസ്റ്റ്യൻ ചെരിപുറത്ത് ജപമാല തിരിപ്രദക്ഷിണം നയിച്ചു. ഇന്നലെ അൽഫോൻസിയൻ പ്രവാസി ദിനമായി ആചരിച്ചു. പ്രവാസികൾക്കുവേണ്ടിയുള്ള പ്രത്യേക ആശീർവാദ പ്രാർത്ഥന നടത്തി. മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് തിരുനാൾ ഗാനം പ്രകാശനം ചെയ്‌തു. റെക്‌ടർ ഫാ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. മാത്യു കുറ്റിയാനിക്കൽ, ഫാ. ആൻ്റണി തോണക്കര, ഫാ. അലക്‌സ് കാഞ്ഞിരത്തുങ്കൽ എന്നിവർ പങ്കെടുത്തു.

Tags

Share this story

From Around the Web