സ്പെയിനിലെ യുവജനങ്ങൾക്കും ക്രൈസ്തവവിശ്വാസികൾക്കുമൊപ്പം പൊതുസമൂഹത്തിനും വിശ്വാസ-സ്നേഹസാന്നിദ്ധ്യമായി ലിയോ പതിനാലാമൻ പാപ്പാ

 
Papa

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ സ്പെയിനിലേക്ക് ജൂൺ 6 മുതൽ 12 വരെ തീയതികളിലായി നടത്തുന്ന അപ്പസ്തോലികയാത്രയുടെ തുടർവിവരണത്തിലൂടെയാണ് നാം മുൻപോട്ടു പോകുന്നത്.

തന്റെ നാലാമത്തെ വിദേശ അപ്പസ്തോലികയാത്രയുടെ ഭാഗമായി, ജൂൺ ആറാം തീയതി ശനിയാഴ്ച രാവിലെ വത്തിക്കാനിൽനിന്ന് പുറപ്പെട്ട് 8.10-ന് റോമിലെ ഫ്യുമിച്ചീനോയിലുള്ള ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽനിന്ന് സ്പെയിനിലേക്ക് യാത്രയായ പാപ്പാ രണ്ടു മണിക്കൂറുകൾ യാത്ര ചെയ്‌ത്‌ തലസ്ഥാനനഗരിയായ മാഡ്രിഡിലുള്ള അഡോൾഫോ സുവാരസ് മാഡ്രിഡ് ബരാഹാസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. തന്നെ കാത്തുനിന്നിരുന്ന സ്‌പെയിൻ രാജാവ് ഫിലിപ്പ് ആറാമന്റെയും രാജ്ഞി ലെത്തീത്സിയയുടെയും സ്വീകരണം ഏറ്റുവാങ്ങിയ പാപ്പാ തുടർന്ന് രാജകൊട്ടാരത്തിലേക്ക് പോവുകയും, ഔദ്യോഗിക സ്വീകരണച്ചടങ്ങുകൾക്കുശേഷം സ്പെയിനിലെ തന്റെ ആദ്യ ഔദ്യോഗിക പൊതുചടങ്ങായിരുന്ന, രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങളും, രാജ്യത്തേക്കുള്ള നയതന്ത്രപ്രതിനിധികളുമൊത്തുള്ള കൂടിക്കാഴ്ചയിൽ സംബന്ധിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തു.

രണ്ടായിരത്തോളം വർഷങ്ങൾക്ക് മുൻപ് യാക്കോബ് ശ്ലീഹായിലൂടെ സുവിശേഷസന്ദേശം സ്വീകരിച്ച ഈ രാജ്യത്തിന്റെ, സുവിശേഷവും ക്രൈസ്തവവിശ്വാസവുമായി ബന്ധപ്പെട്ട വലിയ ചരിത്രപരമ്പര്യവും, ക്രൈസ്തവരും ഇസ്ലാം മതവിശ്വാസികളും യഹൂദരുമുൾപ്പെടെ വിവിധ മതവിഭാഗങ്ങൾ വസിക്കുന്ന ഇടമെന്ന നിലയിൽ ജനതകൾക്കിടയിൽ സമാധാനവും സഹകരണവും, പ്രോത്സാഹിപ്പിക്കുന്നതിന് സ്പെയിനുള്ള വിളിയെക്കുറിച്ച് രാജ്യത്തെ തന്റെ പ്രഥമ പ്രഭാഷണത്തിൽ പരിശുദ്ധ പിതാവ് അനുസ്മരിച്ചിരുന്നു. കുരിശിന്റെ വിശുദ്ധ യോഹന്നാൻ, ആവിലയിലെ വിശുദ്ധ ത്രേസ്യ, ലയോളയിലെ വിശുദ്ധ ഇഗ്‌നേഷ്യസ് തുടങ്ങി സ്പെയിന്റെ വിശ്വാസചരിത്രവുമായി ബന്ധപ്പെട്ട പ്രധാന വ്യക്തിത്വങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ടായിരുന്നു പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തിയത്. സമ്മേളനത്തിന് ശേഷം സ്പെയിനിലെ അപ്പസ്തോലിക നൂൺഷ്യേച്ചറിലെത്തിയ പാപ്പാ ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിച്ചു.

സേദിയ 24 അഭയകേന്ദ്രം - അബലർക്കൊപ്പം പാപ്പാ

ജൂൺ ആറാം തീയതി ഉച്ചകഴിഞ്ഞ് പരിശുദ്ധ പിതാവിന്റെ ഒരു പ്രധാന ഔദ്യോഗികപരിപാടി, അബലർക്കും ആലംബഹീനർക്കും തന്റെ സാമീപ്യമറിയിക്കുന്നതിന്റെ ഭാഗമായി, മാഡ്രിഡ് നഗരത്തിൽത്തന്നെയുള്ള "സേദിയ 24" (CEDIA 24 horas - Centro de Encuentro y Acogida) എന്ന "അഭയകേന്ദ്ര"ത്തിലുള്ള സന്ദർശനമായിരുന്നു. ഇതിനായി അപ്പസ്തോലിക നൂൺഷ്യേച്ചറിൽനിന്ന് 17 കിലോമീറ്ററുകളോളം അകലെയുള്ള സേദിയ കേന്ദ്രത്തിലേക്ക് പരിശുദ്ധ പിതാവ് വൈകുന്നേരം അഞ്ചേമുക്കാലോടെ കാറിൽ യാത്രയായി.

സ്ഥിരതാമസസൗകര്യമില്ലാത്ത ആളുകൾക്ക് താത്കാലിക സൗകര്യമൊരുക്കുന്ന മാഡ്രിഡ് കാരിത്താസിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണിത്. വർഷം മുഴുവനും, ദിവസത്തിന്റെ ഇരുപത്തിനാല് മണിക്കൂറുകളും പ്രവർത്തിക്കുന്ന ഇവിടെ ആവശ്യക്കാരായ ആളുകൾക്ക് അടിസ്ഥാനസൗകര്യങ്ങളും സാമൂഹ്യപിന്തുണയും പൊതുസമൂഹത്തിലേക്ക് തിരികെയെത്താനുള്ള പരിശീലനങ്ങളും സേവനങ്ങളും നൽകിവരുന്നു.

ആറുമണിയോടെ അവിടെയെത്തിയ പാപ്പായെ, മാഡ്രിഡ് ആർച്ച്ബിഷപ് കർദ്ദിനാൾ ഹൊസേ കോബോ കാനോയും (Cardinal José Cobo Cano), സേദിയ 24 കേന്ദ്രം ഡയറക്ടറും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഈ കേന്ദ്രത്തിൽ താമസിക്കുന്ന ഒരു വ്യക്തി പരിശുദ്ധ പിതാവിന് അവിടുത്തെ പ്രവർത്തനങ്ങൾ വിവരിച്ചു. കേന്ദ്രത്തിലെ ഊണുമുറി സന്ദർശിച്ച പാപ്പാ, അവിടെ സ്വീകരിക്കപ്പെട്ടിരുന്ന ചിലയാളുകളെ അഭിവാദ്യം ചെയ്യുകയും, വിശിഷ്ടവ്യക്തികൾക്കായി വച്ചിരുന്ന ബുക്കിൽ ഒപ്പിടുകയും ചെയ്തു.

തുടർന്ന് നടന്ന പൊതുചടങ്ങിൽ, മാഡ്രിഡ് ആർച്ബിഷപ്പ് പരിശുദ്ധ പിതാവിനെ അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ചു. മാഡ്രിഡിലെത്തുന്ന ഏവരും മാഡ്രിഡുകാരാണെന്ന്, സേദിയ കേന്ദ്രത്തിലുള്ള വിദേശികളായ ആളുകളെക്കൂടി കണക്കിലെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കർദ്ദിനാളിന്റെ വാക്കുകൾക്ക് ശേഷം, കേന്ദ്രത്തിന്റെ ഡയറക്ടർ പാപ്പായെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. പരിപാടികളുടെ ഭാഗമായി മൂന്ന് വ്യക്തികളുടെ സാക്ഷ്യവും, സംഗീതവുമുണ്ടായിരുന്നു. തുടർന്ന് പരിശുദ്ധ പിതാവ് ഏവരെയും അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു.

പ്രഭാഷണശേഷം തുടർന്ന സമ്മേളനത്തിന്റെ അവസാനം പരിശുദ്ധ പിതാവ് ഏവർക്കും ആശീർവാദം നൽകുകയും, സമാപനഗാനത്തിന് ശേഷം, മാഡ്രിഡ് അതിരൂപതയിലെ സാമൂഹ്യസേവന അസോസിയേഷനുകളിൽ പ്രവർത്തിക്കുന്നവർക്ക് ആശീർവാദം നൽകാനായി, "കർത്താവിന്റെ കുരിശുമരണത്തിന്റെ" (Crucifixión del Señor) പേരിലുള്ള ദേവാലയത്തിൽ പരിശുദ്ധ പിതാവെത്തി. പിന്നീട് വൈകുന്നേരം ആറേമുക്കാലോടെ പാപ്പാ അപ്പസ്തോലിക നൂൺഷ്യേച്ചറിലേക്ക് തിരികെ മടങ്ങി. വൈകുന്നേരം ഏഴുമണിയോടെ പരിശുദ്ധ പിതാവ് അത്താഴം കഴിച്ചു.

യുവജനങ്ങൾക്കൊപ്പം പ്രാർത്ഥന

ജൂൺ ആറാം തീയതി പരിശുദ്ധ പിതാവിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ഔദ്യോഗികപരിപാടി, വൈകിട്ട്, യുവജനങ്ങൾക്കൊപ്പം നടത്തിയ പ്രാർത്ഥനാസയാഹ്നമായിരുന്നു. ഇതിനായി വൈകുന്നേരം ഒൻപത് പത്തോടെ നൂൺഷ്യേച്ചറിൽനിന്ന് നാലേകാൽ കിലോമീറ്ററുകളോളം അകലെ മാഡ്രിഡ് നഗരത്തിൽത്തന്നെയുള്ള ലീമ ചത്വരത്തിലേക്ക് പാപ്പാ കാറിൽ യാത്രയായി. അംബരചുംബികളായ കെട്ടിടങ്ങളും, റിയൽ മാഡ്രിഡിന്റെ സ്റ്റേഡിയവുമൊക്കെയുള്ള ഈ വലിയ ചത്വരത്തിൽ എട്ടരയോടെ എത്തിയ പാപ്പായെ മാഡ്രിഡ് ആർച്ച്ബിഷപ് അനുഗമിച്ചിരുന്നു.

പരിശുദ്ധ പിതാവിനെ കാണാനും, പിതാവിനൊപ്പം പ്രാർത്ഥിക്കാനും ഏതാണ്ട് ആറുലക്ഷത്തോളം ആളുകളാണ് ചത്വരത്തിലും പരിസരങ്ങളിലുമായി എത്തിയത്. സ്വാഗതഗാനത്തോടെ ആരംഭിച്ച പ്രാർത്ഥനാസയാഹ്നത്തിൽ കർദ്ദിനാൾ ഹൊസേ കോബോ കാനോ സ്വാഗതമാശംസിച്ചു. ഇന്നത്തെ യുവജനങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ അദ്ദേഹം തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. ചടങ്ങിൽ "ഗോഡ്‌സ്‌പെൽ" എന്ന പേരിൽ നടന്ന മനോഹരമായ കലാപരിപാടിയുമുണ്ടായിരുന്നു. യുവജനങ്ങൾ പരിശുദ്ധ പിതാവിനോട് ചോദ്യങ്ങൾ ചോദിച്ചു. തുടർന്ന് തന്റെ വിശ്വാസ, അജപാലന ജീവിതത്തെ സ്പർശിച്ച വിശുദ്ധ ജോൺ ക്രിസോസ്റ്റോം, വിയ്യനോവയിലെ തോമസ് തുടങ്ങിയ ജീവിതങ്ങളെ പരാമർശിച്ചുകൊണ്ട് പാപ്പാ മറുപടിപ്രസംഗം നടത്തി.

പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിന് ശേഷം ഗാനാലാപനവും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരുന്നു. ആരാധനയുടെ അവസാനം ഏവർക്കും ആശീർവാദം നൽകിയ പാപ്പാ, വൈകിട്ട് പത്തുമണിയോടെ അപ്പസ്തോലിക നൂൺഷ്യേച്ചറിലേക്ക് മടങ്ങുകയും വിശ്രമിക്കുകയും ചെയ്തു.

സിബേലെസ് ചത്വരത്തിലെ വിശുദ്ധ കുർബാനയർപ്പണം

ജൂൺ ഏഴാം തീയതി മാഡ്രിഡിൽ തന്നെയുള്ള സിബേലെസ് ചത്വരത്തിൽ (Plaza de Cibeles) അർപ്പിച്ച വിശുദ്ധ ബലിയോടെയാണ് പരിശുദ്ധ പിതാവ് സ്പെയിനിലെ തന്റെ അപ്പസ്തോലിക യാത്രയുടെ രണ്ടാം ദിനത്തിലെ ഔദ്യോഗികചടങ്ങുകൾ ആരംഭിച്ചത്. അപ്പസ്തോലിക നൂൺഷ്യേച്ചറിൽനിന്ന് ഒൻപത് കിലോമീറ്ററുകളോളം അകലെയാണ് മാഡ്രിഡ് നഗരത്തിലെ പ്രശസ്തവും ഏറെ വിസ്തൃതവുമായ ഈ ചത്വരം  പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ പണിയപ്പെട്ട മനോഹരമായ കെട്ടിടങ്ങളും ചില ജലധാരകളും ഈ ചത്വരത്തിന്റെ വിവിധയിടങ്ങളിലായുണ്ട്. മാഡ്രിഡ് ചത്വരമെന്ന് (plaza de Madrid) അറിയപ്പെട്ടിരുന്ന ഈയിടത്തിന് 1900-ൽ കസ്‌തെലാർ ചത്വരം (plaza de Castelar) എന്ന പേര് നൽകപ്പെട്ടിരുന്നു.

വിശുദ്ധ ബലിയർപ്പണത്തിനായി രാവിലെ ഒൻപതേകാലോടെ കാറിൽ യാത്രപുറപ്പെട്ട പാപ്പാ ഒൻപതേമുക്കാലോടെ അവിടെയെത്തി. നഗരത്തിന്റെ മേയർ പരിശുദ്ധ പിതാവിന് "നഗരത്തിന്റെ സ്വർണ്ണത്തക്കോൽ" ബഹുമാനപുരസ്സരം നൽകി. തുടർന്ന് വിശിഷ്ടവ്യക്തികൾക്കായുള്ള ബുക്കിൽ ഒപ്പിട്ടശേഷം പരിശുദ്ധ പിതാവ് അൾത്താരയിലേക്ക് പോയി.

പത്ത് പത്തോടെയാണ് വിശുദ്ധബലിയർപ്പണത്തിനായി ഈ ചത്വരത്തിലുള്ള സിബേലെസ് കൊട്ടാരത്തിന് മുന്നിൽ പ്രത്യേകമായി ഒരുക്കപ്പെട്ട അൾത്താരയിലേക്ക് പരിശുദ്ധ പിതാവ് എത്തിയത്. തുടർന്ന് മാഡ്രിഡ് അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ കാനോ പാപ്പായെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു.

ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാൾ ആഘോഷിക്കുന്ന ഈ ഞായറാഴ്ച, വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം അൻപത്തിയൊന്ന് മുതൽ അൻപത്തിയെട്ടുവരെയുള്ള തിരുവചനങ്ങളായിരുന്നു വായിക്കപ്പെട്ടത്. സുവിശേഷവായനയെത്തുടർന്ന് പരിശുദ്ധ പിതാവ് വചനസന്ദേശം നൽകി.

വിശുദ്ധബലിയുടെ അവസാനം "കോർപുസ് ക്രിസ്റ്റി" തിരുനാളുമായി ബന്ധപ്പെട്ട ദിവ്യകാരുണ്യപ്രദക്ഷിണവുമുണ്ടായിരുന്നു. ഏറെ ഭക്തിസാന്ദ്രമായ ഈ പ്രദക്ഷിണത്തിൽ പരിശുദ്ധ പിതാവ് വിശുദ്ധ കുർബാനയും എഴുന്നെള്ളിച്ചുകൊണ്ട് ആളുകൾക്കിടയിലൂടെ ദീർഘസമയം നീങ്ങി. പ്രദക്ഷിണത്തിന്റെ അവസാനം ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ പരിശുദ്ധ പിതാവ് ഏവർക്കും വിശുദ്ധ കുർബാനയുടെ ആശീർവാദം നൽകി. നിരവധി മെത്രാന്മാരും നൂറുകണക്കിന് വൈദികരും പരിശുദ്ധ പിതാവിനൊപ്പം ബലിയർപ്പണത്തിൽ സഹകാർമ്മികരായി പങ്കുചേർന്നിരുന്നു. പന്ത്രണ്ട് ലക്ഷത്തോളം ആളുകളാണ് പരിശുദ്ധപിതാവിനെ കാണാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനുമെത്തിയത്.

വിശുദ്ധ ബലിക്ക് ശേഷം ഉച്ചയ്ക്ക് ഒരുമണിയോടെ പാപ്പാ തിരികെ അപ്പസ്തോലിക നൂൺഷ്യേച്ചറിലേക്ക് കാറിൽ യാത്രയാവുകയും ഉച്ചഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുകയും ചെയ്തു.

Tags

Share this story

From Around the Web