വിശുദ്ധ ബലി മധ്യേയുള്ള വചനപ്രഘോഷണം അല്‍മായര്‍ക്ക് നടത്താനാവില്ല: വത്തിക്കാന്‍

 
VATICAN



വത്തിക്കാന്‍ സിറ്റി: അസാധാരണ സാഹചര്യങ്ങളില്‍ പോലും വിശുദ്ധ ബലി മധ്യേയുള്ള വചനപ്രഘോഷണം അല്‍മായര്‍ക്ക് നടത്താനാവില്ലായെന്നു വത്തിക്കാന്‍. 

ജര്‍മ്മനിയില്‍ നിന്നുള്ള മെത്രാന്മാര്‍ ഉന്നയിച്ച ചോദ്യത്തിന് ആരാധനക്രമത്തിനും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ കാര്യാലയം നല്‍കിയ മറുപടിയിലാണ് സഭയുടെ നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്. 

തിരുപ്പട്ടം വഴി നിയുക്തരായ ശുശ്രൂഷകര്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള 'പ്രബോധന അധികാര'മാണ് ഇവിടെ വിനിയോഗിക്കപ്പെടുന്നതെന്നും വിശുദ്ധ കുര്‍ബാനയിലെ വചനഭാഗവും, കൂദാശാഭാഗവും തമ്മിലുള്ള ഐക്യത്തില്‍ നിന്നും, തിരുപ്പട്ടം വഴി ലഭിച്ച ദൗത്യത്തില്‍ നിന്നും വചനപ്രഘോഷണത്തെ വേര്‍പെടുത്താനാവില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുക്കപ്പെടുന്ന അല്മായര്‍ക്ക് അസാധാരണ സാഹചര്യങ്ങളില്‍ വചനപ്രഘോഷണം നടത്താന്‍ അനുവാദം നല്‍കണമെന്ന ജര്‍മ്മന്‍ മെത്രാന്മാരുടെ ആവശ്യത്തിന്, ഇക്കഴിഞ്ഞ ജൂണ്‍ 17-ന് അയച്ച കത്തിലൂടെയാണ് വത്തിക്കാന്‍ കാര്യാലയം മറുപടി നല്‍കിയത്. 


ജര്‍മ്മന്‍ മെത്രാന്‍ സമിതി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഹൈനര്‍ വില്‍മറിന് അയച്ച കത്തില്‍, മെത്രാന്മാരുടെ അജപാലനപരമായ ആശങ്കകളെ നോക്കികാണുന്നുണ്ടെങ്കിലും ഇത്തരമൊരു അനുവാദം നല്‍കാന്‍ കഴിയില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.

നിലവിലുള്ള നിയമങ്ങളില്‍ ഇളവ് വരുത്താന്‍ കഴിയില്ല. കാരണം, വചനപ്രഘോഷണം വൈദികര്‍ക്കും ഡീക്കന്മാര്‍ക്കുമായി നിജപ്പെടുത്തിയിരിക്കുന്നത് വെറുമൊരു അച്ചടക്ക നിയമമല്ല, മറിച്ച് ആരാധനാക്രമത്തിന്റെ സ്വഭാവത്തില്‍ നിന്ന് തന്നെ ഉത്ഭവിക്കുന്നതാണെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 വചനപ്രഘോഷണം എന്നത് വിശുദ്ധ കുര്‍ബാനയിലെ വചനശുശ്രൂഷയുടെ അവിഭാജ്യ ഘടകമാണ്. ഇത് സുവിശേഷ പ്രഖ്യാപനവുമായി ആന്തരികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി. 


അതേസമയം, തിരുപ്പട്ടം ലഭിച്ച ശുശ്രൂഷകരുടെ വചനപ്രഘോഷണം കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി അവര്‍ക്ക് തുടര്‍ച്ചയായ പരിശീലനം നല്‍കേണ്ടതിന്റെ പ്രാധാന്യവും കത്തില്‍ ഊന്നിപ്പറയുന്നുണ്ട്.

Tags

Share this story

From Around the Web