വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രീഫെക്ടായി അല്മായ വനിത ;ചരിത്രപരമായ നിയമനത്തെ സ്വാഗതം ചെയ്ത് സിബിസിഐ
ന്യൂഡല്‍ഹി: ചരിത്രപരവും ദീര്‍ഘവീക്ഷണമുള്ളതുമായ സുപ്രധാന ചുവടുവയ്പ്പാണ് വത്തിക്കാന്‍ ആശയവിനിമയ ഡിക്കാസ്റ്ററി പ്രീഫെക്ടായുള്ള മരിയ മോണ്ട്‌സെററ്റ് അല്‍വരാഡോയുടെ നിയമനമെന്ന് സിബിസിഐ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെയും നിസ്‌കോര്‍ട്ട് മീഡിയ കോളേജിന്റെയും ചെയര്‍മാന്‍ ബിഷപ് രായരാല വിജയകുമാര്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അല്മായ വനിത വത്തിക്കാന്റെ ഒരു വകുപ്പിനെ നയിക്കാന്‍ നിയോഗിക്കപ്പെടുന്നത്.
സഭാജീവിതത്തിലെ നേതൃത്വപരവും തീരുമാനങ്ങളെടുക്കുന്നതുമായ പദവികളില്‍ സ്ത്രീകളുടെ ഒഴിച്ചുകൂടാനാവാത്ത പങ്കിന് സഭ നല്‍കുന്ന അംഗീകാരമാണ് ഈ നിയമനമെന്ന് ബിഷപ് വിജയകുമാര്‍ പറഞ്ഞു. മികച്ച പ്രഫഷണല്‍ വൈദഗ്ധ്യം മാത്രമല്ല, സുവിശേഷ മൂല്യങ്ങളോടും സഭാ ശുശ്രൂഷകളോടുമുള്ള ആഴമായ പ്രതിബദ്ധതയും അല്‍വരാഡോ ഈ കാര്യാലയത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ടെലിവിഷന്‍, റേഡിയോ, അച്ചടി, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വിവിധ ഭാഷകളില്‍ വിജയകരമായി കൈകാര്യം ചെയ്ത പ്രഫഷണല്‍ പരിചയസമ്പത്ത് അല്‍വരാഡോയ്ക്കുണ്ടെന്ന് ബിഷപ് ചൂണ്ടിക്കാട്ടി.
നിര്‍മിത ബുദ്ധിയില്‍ നിന്നും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സംസ്‌കാരത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന അവസരങ്ങളെയും ധാര്‍മ്മിക വെല്ലുവിളികളെയും കുറിച്ച് സഭ കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുന്ന ഒരു നിര്‍ണായക ഘട്ടത്തിലാണ് ഈ നിയമനമെന്ന് ബിഷപ് വിജയകുമാര്‍ നിരീക്ഷിച്ചു. അല്‍ഗോരിതങ്ങളും ഡിജിറ്റല്‍ സ്വാധീനങ്ങളും ലോകത്തെ നയിക്കുന്ന ഈ കാലഘട്ടത്തില്‍, ധാര്‍മികവും സത്യസന്ധവും മനുഷ്യകേന്ദ്രീകൃതവുമായ ആശയവിനിമയം ശക്തിപ്പെടുത്താന്‍ മരിയയുടെ നേതൃത്വത്തിന് സാധിക്കുമെന്ന് ബിഷപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.