വിഷമസന്ധികളില്‍ സഭയെ പിടിച്ചുനിര്‍ത്തിയത് അല്മായര്‍: മാര്‍ തോമസ് തറയില്‍

തിരുവല്ല: വിഷമസന്ധികളില്‍ സഭയെ പിടിച്ചുനിര്‍ത്തിയത് അല്മായരാണെന്ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍.
മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും, ചങ്ങനാശേരി, തിരുവല്ലാ രൂപതകളിലെ അല്മായ മിഷണറിയുമായിരുന്ന കോഴിമണ്ണില്‍ ചാക്കോ ഉപദേശിയുടെ കത്തോലിക്കാ സഭാ പ്രവേശനത്തിന്റെ ശതാബ്ദി, കെ.സി ഫ്രാന്‍സിസ്- മറിയാമ്മ ഫ്രാന്‍സിസ് ദമ്പതികളുടെ ജന്മശതാബ്ദി എന്നിവയുടെ സംയുക്ത ആചരണത്തോടനുബന്ധിച്ച് ഇരവിപേരൂര്‍ സെന്റ് ആന്‍സ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയ തീക്ഷ്ണതകൊണ്ടു നിറഞ്ഞ സത്യാന്വേഷിയായിരുന്നു കോഴിമണ്ണില്‍ ചാക്കോ ഉപദേശിയെന്ന് മാര്‍ തോമസ് തറയില്‍ ചൂണ്ടിക്കാട്ടി.
സഭയുമായുള്ള ബന്ധം നഷ്ടപ്പെടുമ്പോള്‍ സമൂഹം ദുര്‍ബലമാകുമെന്നും, കേരള സമൂഹത്തില്‍ ഉന്നത നിലയിലെത്തേണ്ട ആധുനിക യുവതലമുറ മത്സരപ്പരീക്ഷകളില്‍നിന്ന് ഒഴിഞ്ഞുമാറി നാടുവിട്ടുപോകുകയാണെന്നും മാര്‍ തറയില്‍ പറഞ്ഞു.
മലങ്കര കത്തോലിക്ക സഭ കൂരിയാ ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസ് അധ്യക്ഷത വഹിച്ചു. റവ. ഡോ. ഇഗ്‌നേഷ്യസ് തങ്ങളത്തില്‍, ചെറിയാന്‍ രാമനാലില്‍ കോറെപ്പി സ്‌കോപ്പാ, ഫാ. ഏബ്രഹാം നടുവിലേടം, ഫാ. ഇട്ടി പുളിക്കല്‍, ഫാ. ഏബ്രഹാം കുളങ്ങര, ഫാ. തോമസ് കോഴിമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.