'ലവ്ലി'യിലെ മലയാളിവിദ്യാര്‍ഥികളെ സഹായിക്കുന്നില്ലെന്ന് ആരോപണം; സഹായംതേടിയത് വിദ്യാര്‍ഥിയാണോ എന്നറിയില്ലെന്ന് കേരളഹൗസ്

 
kerala house



ന്യൂഡല്‍ഹി: സംഘര്‍ഷമുണ്ടായ പഞ്ചാബിലെ 'ലവ്ലി' പ്രൊഫഷണല്‍ സര്‍വകലാശാലയിലെ ചില മലയാളി വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹി കേരളഹൗസില്‍നിന്ന് ദുരനുഭവം നേരിട്ടതായി പരാതി. സഹായംതേടി കേരളഹൗസിലെത്തിയ വിദ്യാര്‍ഥികളെ അധികൃതര്‍ കൈയൊഴിഞ്ഞെന്നാണ് ആരോപണം.

സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് വിശ്വസിച്ചെത്തിയ നാല് വിദ്യാര്‍ഥികളെ ഡല്‍ഹിയിലെ നോര്‍ക്ക അധികൃതര്‍ സഹായിച്ചില്ലെന്ന് എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റ് ആദര്‍ശ് എം. സജി ആരോപിച്ചു.

'വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ ഇടപെട്ടെന്ന വാര്‍ത്തകള്‍ കണ്ടാണ് ഇവര്‍ കേരളഹൗസിലെത്തിയത്. എന്നാല്‍, ബുധനാഴ്ച നോര്‍ക്ക അധികൃതരെ സമീപിച്ചപ്പോള്‍ അവര്‍ സഹായിച്ചില്ല. നാട്ടിലേക്ക് പോകാന്‍ ടിക്കറ്റില്ലാത്തതിനാല്‍ ഒരുദിവസത്തേക്ക് താമസത്തിന് സൗകര്യം ചോദിച്ചെങ്കിലും അതും കിട്ടിയില്ല. 

സഹായം ചോദിച്ചപ്പോള്‍ നോര്‍ക്ക ഓഫീസര്‍ മുറിയില്‍നിന്ന് ഇറക്കിവിടുന്ന സാഹചര്യവുമുണ്ടായി. വിദ്യാര്‍ഥികളെ സുരക്ഷിതമായി കേരളത്തിലെത്തിക്കാനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം', ആദര്‍ശ് ആവശ്യപ്പെട്ടു.

ലവ്ലി സര്‍വകലാശാലയിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കേരളഹൗസില്‍ താമസവും യാത്രാസൗകര്യങ്ങളും അടിയന്തരമായി ഒരുക്കണമെന്നാവശ്യപ്പെട്ട് വി. ശിവദാസന്‍ എം.പി. മുഖ്യമന്ത്രി വി.ഡി. സതീശന് കത്തുമയച്ചു.
അതേസമയം, ഒരാള്‍ മാത്രമാണ് സഹായം തേടി സമീപിച്ചതെന്നും അയാള്‍ വിദ്യാര്‍ഥിയാണോ എന്നുപോലും വ്യക്തമായിരുന്നില്ലെന്നും കേരളഹൗസ് അധികൃതര്‍ വിശദീകരിച്ചു. രേഖാമൂലം സൗകര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web