തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന് ആരോപണം; കട്ടിലില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയോധികന്‍ കട്ടിലില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. പക്ഷാഘാത ബാധിതനായി ചികിത്സ തേടിയ കൊല്ലം ചടയമംഗലം സ്വദേശി സുകുമാര പിള്ള (87) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഈ മാസം 26-നാണ് സുകുമാരപിള്ളയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ കഴിയവേ 29-ാം തീയതി കട്ടിലില്‍ നിന്നും താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ അദ്ദേഹത്തിന്റെ തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റു. അതുവരെ സംസാരിച്ചിരുന്ന സുകുമാരപിള്ള ഇതിനുശേഷം സംസാരിക്കാതെയായെന്ന് മകള്‍ ശ്യാമള ദേവി മാധ്യമങ്ങളോട് വ്യക്തമാക്കി. അവശ നിലയിലായിട്ടും അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റാന്‍ തയ്യാറായില്ലെന്നും, കട്ടിലില്‍ നിന്ന് വീണ് തല മുറിഞ്ഞപ്പോള്‍ അതേ ബെഡില്‍ കിടത്തിയാണ് സ്റ്റിച്ചിട്ടതെന്നും കുടുംബം ആരോപിക്കുന്നു. രോഗിക്ക് സുരക്ഷയ്ക്കായി ഹാന്‍ഡ് റെയിലുള്ള കട്ടില്‍ നല്‍കിയിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നും കുടുംബം പറയുന്നു.
എന്നാല്‍, രോഗിയെ ചികിത്സിച്ചതില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ പ്രതികരണം. രോഗിക്ക് ഒപ്പം രണ്ട് ബന്ധുക്കള്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ ഇല്ലാതിരുന്ന സമയത്താണ് അദ്ദേഹം വീണതെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. സുരക്ഷാ റെയിലുള്ള കട്ടിലുകള്‍ നല്‍കുന്നതിന് ചില മാനദണ്ഡങ്ങളുണ്ടെന്നും അതുപ്രകാരമാണ് കട്ടില്‍ നല്‍കാതിരുന്നതെന്നും സൂപ്രണ്ട് പറഞ്ഞു. വീണ ഉടന്‍ തന്നെ രോഗിക്ക് ആവശ്യമായ ചികിത്സ നല്‍കിയിരുന്നുവെന്നും, അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റേണ്ട സാഹചര്യമില്ലായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.