ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണം; ഡോക്ടര്‍ക്കെതിരെ കേസ്, ഗുരുവായൂര്‍ എസിപിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്
 

 
CHAVAKKAD


 
    
 
തൃശൂര്‍: ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളില്‍ പഞ്ഞി കണ്ടെത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടിറ്റോ ടോമിനെയാണ് പ്രതി ചേര്‍ത്തത്. വൈദ്യശാസ്ത്രപരമായ അശ്രദ്ധ വരുത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

ഗുരുവായൂര്‍ എസിപിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ചാവക്കാട് മുനക്കക്കടവ് സ്വദേശി ഫാത്തിമത്തുല്‍ ഷഹ്ഫിയയുടെ പരാതിയിലാണ് നടപടി. ഓഗസ്റ്റ് 18ന് പ്രസവിച്ച യുവതിയുടെ ശരീരത്തില്‍ പഞ്ഞി കണ്ടെത്തിയെന്നായിരുന്നു പരാതി.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് തവണ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മടക്കി അയച്ചുവെന്നാണ് യുവതി പറയുന്നത്. പിന്നീട് നടത്തിയ സ്‌കാനിങ്ങിലാണ് വയറ്റില്‍ പഞ്ഞി കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ പഞ്ഞി പുറത്തെടുത്തു.
പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് 43-ാം ദിവസമാണ് പഞ്ഞി പുറത്തെടുത്തതെന്നും യുവതി ആരോപിച്ചു. സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാതെ നഴ്സുമാരുടെ വീഴ്ചയാണെന്ന് പറഞ്ഞ് കൈയൊഴിഞ്ഞതായും ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിട്ടിരുന്നു.

Tags

Share this story

From Around the Web