സിപിഐഎം സംരംഭത്തിനെതിരായ സാമ്പത്തിക തിരിമറി ആരോപണം: വിശദീകരണവുമായി ഇരിട്ടി ഏരിയാ സെക്രട്ടറി

 
KANNUR


കണ്ണൂര്‍: ഇരിട്ടിയിലെ സിപിഐഎം സംരംഭത്തിനെതിരായ സാമ്പത്തിക തിരിമറി ആരോപണത്തില്‍ വിശദീകരണവുമായി സിപിഐഎം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. ഷെയര്‍ ഇനത്തില്‍ 24 ലക്ഷം രൂപ മാത്രമാണ് സമാഹരിക്കാന്‍ സാധിച്ചത്. ലഭിച്ച പണം കൊണ്ട് ഇരിട്ടിയില്‍ സൊസൈറ്റിയുടെ പേരില്‍ 38 സെന്റ് സ്ഥലം വാങ്ങി. സമാഹരിച്ച തുകയേക്കാള്‍ ഉയര്‍ന്ന മൂല്യം കൈവശമുള്ള ഭൂമിക്ക് ഉണ്ട്. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ച പോലെ മുന്നോട്ട് പോയില്ലെന്നും സക്കീര്‍ ഹുസൈന്‍ വിശദീകരിക്കുന്നു. നോട്ട് നിരോധനം, 2018 ലെയും19ലെയും പ്രളയങ്ങള്‍, കോവിഡ് എന്നിവ തടസമായെന്നും പറയുന്നു. ഓഹരികള്‍ സമാഹരിച്ചത് പാര്‍ട്ടി ഘടകങ്ങളുടെ സഹായത്തോടെയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇരിട്ടിയിലെ നോര്‍ത്ത് മലബാര്‍ എജുക്കേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോളജ് നിര്‍മ്മാണത്തിന് വേണ്ടി പിരിച്ച പണത്തിന്റെ കണക്ക് കാണാനില്ലെന്ന പരാതിയുമായാണ് നിക്ഷേപകര്‍ രംഗത്തെത്തിയത്. 2017ല്‍ കോളജിനു വേണ്ടി ശിലാസ്ഥാപനം ഉള്‍പ്പെടെ നടത്തിയിരുന്നെങ്കിലും കോളജ് ഇതുവരെ നിര്‍മ്മിച്ചിട്ടില്ല.


ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പ്രഗതി കോളജിന് ബദല്‍ എന്ന ആശയവുമായി 2015ലാണ് ഇരിട്ടിയില്‍ നോര്‍ത്ത് മലബാര്‍ എജുക്കേഷന്‍ സൊസൈറ്റി രൂപീകരിച്ചത്. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സ്വയംഭരണ കോളജ് എന്നതായിരുന്നു ലക്ഷ്യം. ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പതിനായിരത്തിലേറെ റസീപ്റ്റുകള്‍ അച്ചടിച്ച് ആളുകളില്‍ നിന്ന് പണം സ്വരൂപിച്ചിരുന്നു. ആയിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ഓഹരികള്‍ സൊസൈറ്റിയിലേക്ക് സ്വീകരിച്ചു. എന്നാല്‍ നിക്ഷേപിച്ചവര്‍ക്ക് തങ്ങളുടെ പണത്തെക്കുറിച്ച് പിന്നീട് ഒരു വിവരവും കിട്ടിയില്ല.

ഇരിട്ടിയിലെ സിപിഐഎം ഡിവൈഎഫ്ഐ നേതാക്കളാണ് സൊസൈറ്റിയുടെ ഭാരവാഹികള്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യനാണ് പ്രസിഡന്റ്. നിക്ഷേപകര്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും നടപടികള്‍ ഉണ്ടായില്ല.

Tags

Share this story

From Around the Web