അനസ്തീഷ്യ നല്‍കുന്നതില്‍ വീഴ്ചയെന്ന് ആരോപണം; കായംകുളം ആശുപത്രിയില്‍ യുവാവ് മരിച്ചു, കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരിയിലക്കുളങ്ങര പൊലീസ് കേസെടുത്തു
 

 
anesthsia

 
ആലപ്പുഴ: കായംകുളം എല്‍മെക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരുവ സ്വദേശി അനൂപ് (37) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് 14 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചികിത്സയ്ക്കിടെ വീഴ്ച സംഭവിച്ചതാണ് അനൂപിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. കൃത്യമായ ചികിത്സ നല്‍കിയില്ലെന്നും ന്യൂറോ ഡോക്ടറുടെ സേവനം ലഭ്യമാക്കിയില്ലെന്നും അനസ്തീഷ്യ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചെന്നും കുടുംബം പരാതിയില്‍ ആരോപിച്ചു.

കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരിയിലക്കുളങ്ങര പൊലീസ് കേസെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ചികിത്സയില്‍ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

രോഗിയുടെ ആരോഗ്യനിലയും ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും കൃത്യമായി ബന്ധുക്കളെ ധരിപ്പിച്ചിരുന്നതായും ആവശ്യമായ എല്ലാ ചികിത്സയും നല്‍കിയിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
 

Tags

Share this story

From Around the Web