കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി ബാക്കിയുള്ളത്’; തെരുവുനായ വിഷയത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കവെ പരിഹാസവുമായി സുപ്രീംകോടതി.
കടിക്കരുത് എന്ന് നായയ്ക്ക് കൗൺസിലിങ് കൂടി നൽകാമല്ലോ എന്നും, ഇനി അതേ ബാക്കിയുള്ളുവെന്നും കോടതി പരാമർശം. ചട്ടങ്ങൾ പാലിക്കാതെ എല്ലാ നായ്ക്കളെയും ഷെൽട്ടറുകളിലാക്കുന്നുവെന്ന്, നായ്ക്കളെ പരിപാലിക്കുന്ന എൻജിഒയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചപ്പോഴായിരുന്നു കോടതിയുടെ മറുപടി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് കേൾക്കുന്നത്.
തെരുവുനായ്ക്കളോട് നിലവിൽ കാണിക്കുന്നത് വളരെ ക്രൂരമായ പെരുമാറ്റമാണെന്നും അതിനാൽ കേസ് എത്രയും വേഗം പരിഗണിക്കണമെന്നും കപിൽ സിബൽ കോടതിയിൽ ആവശ്യപ്പെട്ടു.
ഇതിനോട് പ്രതികരിച്ച ജസ്റ്റിസ് മേത്ത, അടുത്ത വാദത്തിനിടെ കോടതി ഒരു വീഡിയോ പ്രദർശിപ്പിക്കുമെന്നും എന്നിട്ട് മനുഷ്യത്വം എന്നാൽ എന്താണെന്ന് ചോദിക്കുമെന്നും അഭിപ്രായപ്പെട്ടു.