പാസ്റ്റര്‍ ആല്‍ബിന് എല്ലാ നിയമസഹായവും ലഭ്യമാക്കും; കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി ജി.ആര്‍. അനില്‍

 
minister g r anil


നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച വട്ടപ്പാറ സ്വദേശി പാസ്റ്റര്‍ ആല്‍ബിനെ മോചിപ്പിക്കുന്നതിനായി സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. 


ആല്‍ബിന്റെ വട്ടപ്പാറ കല്ലയത്തെ വസതിയിലെത്തിയ മന്ത്രി, അദ്ദേഹത്തിന്റെ മാതാവ് ഗ്ലോറിയയെയും മറ്റ് കുടുംബാംഗങ്ങളെയും കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

വട്ടപ്പാറ കല്ലയം പള്ളിമുക്ക് ആശാഭവനില്‍ ആല്‍ബിന്‍ കാണ്‍പൂര്‍ നവരംഗയിലെ ബേഥേസ്ഥാ ഭവനില്‍ കുടുംബത്തോടൊപ്പം താമസിച്ച് സുവിശേഷ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു. 

എന്നാല്‍, ഇക്കഴിഞ്ഞ പതിമൂന്നാം തീയതി ഒരു സംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊലീസുമായെത്തി ആല്‍ബിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു.

 മതപരിവര്‍ത്തനം ആരോപിച്ച് ആല്‍ബിനെ തടവിലാക്കിയ വാര്‍ത്ത പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.


വിഷയം അടിയന്തരമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആല്‍ബിനെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി കുടുംബത്തിന് ഉറപ്പുനല്‍കി. 

ഉത്തര്‍പ്രദേശിലെ ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തി നിയമപരമായ തടസ്സങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Tags

Share this story

From Around the Web