അൽഗോരിതങ്ങൾ മനുഷ്യജീവിതം പുനഃക്രമീകരിക്കുന്നു; മാനവികതയും അന്തസ്സും സംരക്ഷിക്കപ്പെടണമെന്ന് ബ്രൂണോ ഗിയുസ്സാനി

 
Algorithm

ഡിജിറ്റൽ യുഗത്തിലെ അൽഗോരിതങ്ങളുടെ അതിപ്രസരം മനുഷ്യന്റെ സ്വയംഭരണാധികാരത്തെയും ചിന്താശേഷിയെയും ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ എഴുത്തുകാരനും നിരീക്ഷകനുമായ ബ്രൂണോ ഗിയുസ്സാനി. അറുപതാമത് ലോക സാമൂഹിക ആശയവിനിമയ ദിനത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പ നൽകിയ ‘മനുഷ്യന്റെ ശബ്ദങ്ങളും മുഖങ്ങളും സംരക്ഷിക്കുക’ എന്ന സന്ദേശത്തെ ആസ്പദമാക്കി എഴുതിയ ലേഖനത്തിലാണ് അദ്ദേഹം സാങ്കേതികവിദ്യയുടെ ഈ കടന്നുകയറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്. നമ്മുടെ വെല്ലുവിളി കേവലം സാങ്കേതികമല്ല, മറിച്ച് മാനവികതയുമായി ബന്ധപ്പെട്ടതാണെന്ന മാർപാപ്പയുടെ വാക്കുകൾ ഇക്കാലത്ത് ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

നമ്മുടെ സമൂഹം ഇന്ന് പൊതുസംവാദങ്ങളോ, ജനാധിപത്യ പ്രക്രിയകളോ വഴിയല്ല, മറിച്ച് വാണിജ്യതാൽപര്യങ്ങൾ മുൻനിർത്തിയുള്ള അൽഗോരിതങ്ങളാൽ ബോധപൂർവമാണ് നിയന്ത്രിക്കപ്പെടുന്നത്. മുൻകാലങ്ങളിൽ വെറും ഉപകരണങ്ങളായിരുന്ന സാങ്കേതികവിദ്യകൾ ഇന്ന് നാം ജീവിക്കുന്ന അദൃശ്യമായ ഘടനകളായി മാറിയിരിക്കുന്നു. ജനറേറ്റീവ് എഐയുടെയും മനുഷ്യമസ്തിഷ്കവുമായി നേരിട്ട് സംവദിക്കുന്ന ന്യൂറോ ടെക്നോളജിയുടെയും വരവോടെ മനുഷ്യന്റെ സ്വാഭാവികയുക്തിക്കു പകരം സാങ്കേതികയുക്തി പ്രതിഷ്ഠിക്കപ്പെടുകയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.


ഈ സാങ്കേതിക അടിമത്തം മനുഷ്യരിൽ ഗുരുതരമായ ‘ബൗദ്ധിക കടം’ സൃഷ്ടിക്കുന്നുണ്ട്. ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവുകൾ മെഷീനുകൾക്ക് വിട്ടുകൊടുക്കുന്നതിലൂടെ മനുഷ്യന്റെ മാനസികവും വൈകാരികവുമായ കഴിവുകൾ തകർച്ച നേരിടുകയാണ്. യഥാർഥ ജീവിതാനുഭവങ്ങളോ, സുഖദുഃഖങ്ങളോ അറിയാത്ത യന്ത്രങ്ങൾ ഉൽപാദിപ്പിക്കുന്ന ചിന്തകളെ നിഷ്ക്രിയമായി ഉപഭോഗം ചെയ്യാൻ മനുഷ്യൻ ശീലിക്കുന്നത് അപകടകരമായ അവസ്ഥയാണ്.

സാങ്കേതികവിദ്യകൾ എപ്പോഴും മനുഷ്യനും സത്യത്തിനും ദാസന്മാരായിരിക്കണം, അല്ലാതെ തിരിച്ചാകരുത്. എല്ലാ ചോദ്യങ്ങൾക്കും അൽഗോരിതങ്ങളിൽ ഉത്തരമില്ലെന്നും കണക്കാക്കാൻ കഴിയുന്നതെല്ലാം ശരിയാകണമെന്നില്ലെന്നും സമൂഹം തിരിച്ചറിയേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ വികാസം ഓരോ വ്യക്തിയുടെയും അന്തസ്സിന് മുൻഗണന നൽകിക്കൊണ്ടായിരിക്കണം. ഡിജിറ്റൽ സ്ക്രീനുകൾക്കും ആപ്പുകൾക്കും പിന്നിലുള്ള സഹമനുഷ്യരുടെ മുഖങ്ങളും ശബ്ദങ്ങളും തിരിച്ചറിഞ്ഞ്, മാനവികത സംരക്ഷിക്കാൻ സാങ്കേതിക വിദഗ്ദ്ധരും പൊതുസമൂഹവും ഒരുപോലെ മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

Tags

Share this story

From Around the Web