അമേരിക്കയില്‍ മദ്യപാനം കുറയുന്നു; മദ്യപിക്കുന്ന മുതിര്‍ന്നവരുടെ എണ്ണം 54 ശതമാനമായി ഇടിഞ്ഞു,തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മുതിര്‍ന്ന ആളുകള്‍ മാത്രമാണ് മദ്യം ഉപയോഗിക്കുന്നത്
വാഷിങ്ടണ്‍: അമേരിക്കയില്‍ മദ്യപിക്കുന്ന മുതിര്‍ന്നവരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് സര്‍വേ.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും 54 ശതമാനം മുതിര്‍ന്ന ആളുകള്‍ മാത്രമാണ് മദ്യം ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയതെന്ന് പ്രമുഖ അഭിപ്രായ സര്‍വേ ഏജന്‍സിയായ 'ഗാലപ്' പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
1939 മുതല്‍ ഗാലപ് നടത്തുന്ന സര്‍വേകളുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
2023ല്‍ 62 ശതമാനമായിരുന്ന മദ്യപാന നിരക്ക് 2024-ല്‍ 58 ശതമാനമായും 2025-ലും 2026-ലും 54 ശതമാനമായും കുറഞ്ഞു.
പുരുഷന്മാരില്‍ മദ്യപിക്കുന്നവരുടെ നിരക്ക് 2023-ലെ 62 ശതമാനത്തില്‍ നിന്ന് 2026-ല്‍ 56 ശതമാനമായി കുറഞ്ഞു (6 ശതമാനം കുറവ്).
സ്ത്രീകളില്‍ ഇത് 63 ശതമാനത്തില്‍ നിന്ന് 53 ശതമാനമായി കുറഞ്ഞു (10 ശതമാനം കുറവ്).
മിതമായ തോതില്‍ മദ്യപിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇപ്പോള്‍ 51 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നുവെന്നാണ് സര്‍വേ പറയുന്നത്.
2001-ല്‍ 27 ശതമാനം പേര്‍ മാത്രമാണ് മിതമായ മദ്യപാനവും ദോഷകരമാണെന്ന് കരുതിയത്.
22 ശതമാനം പേര്‍ ഇത് നല്ലതാണെന്നും 46 ശതമാനം പേര്‍ മാറ്റമൊന്നുമുണ്ടാക്കില്ലെന്നും കരുതിയവരായിരുന്നു. എന്നാല്‍ 2026-ല്‍ 51 ശതമാനം പേര്‍ ഹാനികരമെന്നും, 40 ശതമാനം പേര്‍ മാറ്റമുണ്ടാക്കില്ലെന്നും, 6 ശതമാനം പേര്‍ നല്ലതാണെന്നും അഭിപ്രായപ്പെട്ടു.
അമിതമായി മദ്യപിക്കാറുണ്ടെന്ന് സമ്മതിക്കുന്നവരുടെ അനുപാതവും എക്കാലത്തെയും കുറഞ്ഞ നിരക്കായ 13 ശതമാനത്തിലെത്തി. 2000-ത്തിന് മുമ്പ് 20 ശതമാനത്തിലധികം ആളുകള്‍ അമിതമായി മദ്യപിക്കുന്നവരായിരുന്നു.