ലിയോ പാപ്പയ്ക്ക് കമ്പിളി നൂലിൽ നെയ്‌ത തിരുഹൃദയ രൂപം സമ്മാനിച്ച് ആലപ്പുഴ ബിഷപ്
വത്തിക്കാൻ സിറ്റി: കമ്പിളി നൂലുകൾകൊണ്ട് പ്രത്യേകമായി നെയ്‌തെടുത്ത തിരുഹൃദയ രൂപം ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനിച്ച് ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ. വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിച്ച വേളയിലാണ് അദേഹം ഈ സവിശേഷ സമ്മാനം കൈമാറിയത്.
ചേർത്തലയിലെ ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജർ വി.ആർ. പ്രസാദിന്റെ ആഗ്രഹ പ്രകാരമാണ് തിരുഹൃദയത്തിന്റെ രൂപം ഒരുക്കിയത്. സ്ഥാപനത്തിലെ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികൾ ചേർന്നാണ് ഡൈ ചെയ്യാത്ത മൂന്ന് ഷേഡുകളിലുള്ള കമ്പിളി നൂലുകൾ ഉപയോഗിച്ച് ഈ കലാസൃഷ്ടി നെയ്‌തെടുത്തത്.
സ്വീഡനിൽ നിന്നും ലണ്ടനിൽ നിന്നും ഇറക്കുമതി ചെയ്ത ചെമ്മരിയാടിന്റെ രോമത്തിൽ നിന്ന് നിർമിച്ച നൂലുകളാണ് ഇതിനായി ഉപയോഗിച്ചത്. മാനവരാശിക്ക് പ്രതീക്ഷയും പ്രത്യാശയും പകരുന്നതിനായി ലിയോ പതിനാലാമൻ നടത്തുന്ന ശുശ്രൂഷകൾക്ക് ആദരസൂചകമായും നന്ദിപ്രകടനമായുമാണ് ഈ സമ്മാനമെന്ന് വി.ആർ. പ്രസാദ് പറഞ്ഞു.
അന്താരാഷ്ട്ര വിമാനനിർമാണ കമ്പനിയായ ബോയിങ്ങിന് ആവശ്യമായ കാർപ്പറ്റുകൾ നിർമ്മിക്കുന്ന ഔദ്യോഗിക വിതരണക്കാരാണ് ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്.