ഒടുവില്‍ ഷൗക്കത്തലിയുടെ പേനത്തുമ്പിലെഴുതിയ റിപ്പോര്‍ട്ടില്‍ അജിത് കുമാര്‍ പുറത്തേയ്ക്ക് ! അജിത്തിന്റേത് ഒരു ഏകാധിപതിയുടെ പതനംപോലെ
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിലെ അവസാന വാക്കായിരുന്നു എഡിജിപി എംആര്‍ അജിത് കുമാര്‍.
പിണറായി സര്‍ക്കാരിന്‍റെ കാലത്ത് പോലീസിനെ സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ഡിജിപിമാര്‍ പോലും 'അനുമതി' തേടിയിരുന്നത് അജിത് കുമാറില്‍ നിന്നായിരുന്നു. അത്ര ശക്തനായിരുന്നു അജിത് കുമാര്‍.
ഇതിനു നേരെ വിപരീതമായിരുന്നു കെപി ഷൗക്കത്തലി എന്ന മുന്‍ ഡിവൈഎസ്‌പിയുടെ അവസ്ഥ. ടിപി വധക്കേസില്‍ സിപിഎം കോട്ടകൊത്തളങ്ങള്‍ തകര്‍ത്ത് കൊടി സുനിയേയും കൂട്ടുകൊലയാളികളേയും തൂക്കിയെടുത്തുകൊണ്ടുവന്ന 'മിടുക്ക'നായിരുന്നു ഷൗക്കത്തലി.
പക്ഷേ 2016 -ല്‍ പിണറായി വിജയന്‍ അധികാരത്തിലെത്തിയ ശേഷം ഷൗക്കത്തലി പോലീസില്‍ ഏറ്റവും ദുര്‍ബലനായി. കഴിഞ്ഞ 10 വര്‍ഷവും ഷൗക്കത്തലിക്ക് കിട്ടിയത് തികച്ചും അപ്രധാനമായ പദവികള്‍.
അതിനിടയില്‍ എസ്‌പി ആയി പ്രമോഷന്‍ ലഭിച്ചത് സ്വാഭാവിക നടപടി മാത്രം. ഒടുവില്‍ പിണറായി പുറത്തുപോകുമ്പോള്‍ ഇരുന്നത് ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് മേധാവിയുടെ കസേരയില്‍.
ഷൗക്കത്തലിയുടെ മുന്നില്‍ കണ്ടാല്‍ ഒന്നുകില്‍ കണ്ടഭാവം നടിക്കാതിരിക്കുകയോ അല്ലെങ്കില്‍ പുച്ഛഭാവത്തില്‍ നോക്കുകയോ ചെയ്തിരുന്ന ആളായിരുന്നു അന്നത്തെ സര്‍വ്വപ്രതാപിയായ എംആര്‍ അജിത് കുമാര്‍.
അതേ ഷൗക്കത്തലിയുടെ പേനതുമ്പിലൂടെയാണ് ഒടുവില്‍ ഇതേ അജിത് കുമാര്‍ തല്‍ക്കാലത്തേയ്ക്കെങ്കിലും തൊപ്പി ഊരുന്നത്.
ആലപ്പുഴയില്‍ നവകേരളയാത്രയുടെ പരിപാടിക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ തല്ലിച്ചതച്ച 'രക്ഷാപ്രവര്‍ത്തന' നടപടിയില്‍ പോലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ അന്ന് ഡിജിപിയായിരുന്ന എംആര്‍ അജിത് കുമാര്‍ ഇടപെട്ടെന്നായിരുന്നു ഈ കേസിലെ എസ്ഐടി തലവനായിരുന്ന ഷൗക്കത്തലി കണ്ടെത്തിയത്.
ആ കണ്ടെത്തലാണ് ഡിജിപി സ്ഥാനക്കയറ്റത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അജിത്തിന്‍റെ സസ്പെന്‍ഷന് വഴിതുറന്നത്.
അതേസമയം അന്വേഷണ റിപ്പോര്‍ട്ടില്‍ എന്താണോ സത്യം, അത് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി എന്നതിനപ്പുറം അനാവശ്യ ഇടപെടലിനോ പ്രചരണത്തിനോ ഒന്നും ഷൗക്കത്തലി മുതിര്‍ന്നില്ല.
സംഭവത്തില്‍ വ്യക്തിപരമായി സമീപിച്ച മാധ്യമപ്രവര്‍ത്തകരോടുപോലും അധികമായി ഒരു വാക്ക് പറയാന്‍ ഷൗക്കത്തലി തയ്യാറായതുമില്ല.
ഏല്‍പിച്ച ജോലി ചെയ്ത് ഇപ്പോള്‍ കോഴിക്കോട് നഗരത്തില്‍ പോലീസ് സേനയെ നയിക്കുകയെന്ന ദൗത്യമാണ് ഷൗക്കത്തലി നിര്‍വഹിക്കുന്നത്.
അതിനിടയിലും നടപടി ഒഴിവാക്കാന്‍ അജിത് കുമാര്‍ മന്ത്രിമാരുടെ ഓഫീസുകള്‍ കയറിയിറങ്ങി. സ്വാധീനിക്കാവുന്നവരെയൊക്കെ സ്വാധീനിക്കുയും ചെയ്തു.
പക്ഷേ പിണറായിക്കൊപ്പം നിന്ന് കോണ്‍ഗ്രസ് നേതാക്കളെ ആവോളം ഉപദ്രവിക്കുകയും തല്ലിച്ചതക്കുകയും ചെയ്ത അജിത്തിനെതിരെ നടപടി എന്ന നിലപാടില്‍ മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഉറച്ച നിലപാടിലായിരുന്നു.