എയര്‍ടെല്ലിന്റെ നാല് പ്രീപെയ്ഡ് പ്ലാനുകള്‍ നിര്‍ത്തി. സമാനമായ ഡാറ്റ ലഭിക്കാന്‍ ഇനി കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരും
ന്യൂഡല്‍ഹി: എയര്‍ടെല്‍ ഉപയോക്താക്കള്‍ റീചാര്‍ജ് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യം അറിഞ്ഞിരിക്കണം. പതിവായി ഉപയോഗിച്ചിരുന്ന നാല് പ്രീപെയ്ഡ് പ്ലാനുകളാണ് എയര്‍ടെല്‍ പിന്‍വലിച്ചത്. ഇതോടെ 299 രൂപ പ്ലാന്‍ ഉള്‍പ്പെടെയുള്ള ചില പ്ലാനുകളുടെ ഉപയോക്താക്കള്‍ക്ക് സമാന ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇനി കൂടുതല്‍ തുക നല്‍കേണ്ടിവരും.
രാജ്യവ്യാപകമായി 299, 579, 619, 649 രൂപ നിരക്കിലുള്ള നാല് പ്ലാനുകളാണ് പിന്‍വലിച്ചത്.
ഏറ്റവും ശ്രദ്ധേയമായ മാറ്റം 299 രൂപ പ്ലാനിലാണ്. 28 ദിവസത്തെ കാലാവധിയില്‍ പ്രതിദിനം 1.5 ജിബി ഡാറ്റ നല്‍കിയിരുന്ന 299 രൂപ പ്ലാന്‍ ഇനി ലഭ്യമല്ല.
പകരം ലഭിക്കുന്ന പ്രധാന ഓപ്ഷന്‍ 349 രൂപ പ്ലാനാണ്. ഇതില്‍ 28 ദിവസത്തേക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റ ലഭിക്കും. എന്നാല്‍ പഴയ പ്ലാനെ അപേക്ഷിച്ച് ഉപയോക്താക്കള്‍ക്ക് 50 അധികം നല്‍കേണ്ടിവരും.
കൂടുതല്‍ വിലയുള്ള പ്ലാനുകളിലേക്ക് മാറ്റം
മിഡ്-റേഞ്ച് വിഭാഗത്തിലെ ചില പ്ലാനുകളും എയര്‍ടെല്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഉപയോക്താക്കള്‍ക്ക് ലഭ്യമായ വിലനിരക്കുകളുടെ എണ്ണം കുറഞ്ഞു.
199 രൂപ പ്ലാന്‍ ഇപ്പോഴും ലഭ്യമാണ്. 28 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റയാണ് ഇതില്‍ ലഭിക്കുക. അടുത്ത ഓപ്ഷനായ 219 രൂപ പ്ലാനില്‍ 28 ദിവസത്തേക്ക് മൂന്ന് ജിബി ഡാറ്റ ലഭിക്കും.
എയര്‍ടെല്ലിന്റെ പുതിയ നീക്കം മുഴുവന്‍ പ്രീപെയ്ഡ് പ്ലാനുകളുടെയും നിരക്ക് വര്‍ധിപ്പിക്കുന്നതല്ല. തിരഞ്ഞെടുത്ത ചില പ്ലാനുകള്‍ മാത്രമാണ് പിന്‍വലിച്ചത്. ഇവയ്ക്ക് പകരം ലഭിക്കുന്ന പ്ലാനുകള്‍ക്ക് ഏകദേശം 5 മുതല്‍ 16 ശതമാനം വരെ അധിക ചെലവ് വരും.
ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം വര്‍ധിപ്പിക്കാനുള്ള എയര്‍ടെല്ലിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍ വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ ഡാറ്റയും സേവനങ്ങളും ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ ഉയര്‍ന്ന നിരക്കിലുള്ള പ്ലാനുകളിലേക്ക് മാറണമെന്നാണ് കമ്പനിയുടെ ലക്ഷ്യം.
അതേസമയം, ഉപയോക്താക്കള്‍ക്ക് ഇനി കുറഞ്ഞ വിലയിലുള്ള കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കില്ല എന്നതാണ് പ്രധാന മാറ്റം. പ്രത്യേകിച്ച് 299 പ്ലാന്‍ ഉപയോഗിച്ചിരുന്നവര്‍ക്ക് സമാനമായ ഡാറ്റ ലഭിക്കാന്‍ ഇനി കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരും.