15 ദിവസത്തിനിടെ വിമാന ടിക്കറ്റ് നിരക്കിലുണ്ടായത് 50 ശതമാനം വര്‍ധന; കേന്ദ്രം ഇടപെടണമെന്ന് ആവശ്യം
 

 
Flight


 
ന്യൂഡല്‍ഹി: 15 ദിവസത്തിനിടെ വിമാന ടിക്കറ്റ് നിരക്കില്‍ ഉണ്ടായത് 50 ശതമാനം വര്‍ധന. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിലാണ് വര്‍ധന രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ നിന്നും ഡല്‍ഹിയിലേക്കുമുള്ള ടിക്കറ്റ് നിരക്കിലാണ് വര്‍ധന രേഖപ്പെടുത്തിയത്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി കേന്ദ്രസര്‍ക്കാറിന് നിവേദനം നല്‍കി. വ്യോമയാനമന്ത്രി റാം മോഹന്‍ റായിഡു വിഷയത്തില്‍ ഇടപെടണമെന്നാണ് ആവശ്യം.


വിവാഹസീസണും ചാത്ത് പൂജക്കും മുന്നോടിയായാണ് വര്‍ധനയെന്നാണ് മേഖലയിലുള്ളവര്‍ ആരോപിക്കുന്നത്. ഡല്‍ഹി-പാട്ന സെക്ടറില്‍ 18,000 രൂപയും ഡല്‍ഹി-മുംബൈ 15,000, ഡല്‍ഹി ബംഗളൂരു 16,000-18,000 ഡല്‍ഹി ഹൈദരാബാദ് 11,000-15,000, ഡല്‍ഹി-അഹമ്മദാബാദ്-11,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

വിമാനകമ്പനികള്‍ക്ക് ഈടാക്കാവുന്ന ഉയര്‍ന്നനിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് വ്യവസായികളുടെ പ്രധാന ആവശ്യം. ഫെയര്‍ സ്ട്രെക്ചറിലെ സുതാര്യത, തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉയര്‍ത്തിയിട്ടുണ്ട്.


അതേസമയം, വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട സുപ്രീംകോടതി പരാമര്‍ശം വിവാദത്തിലായിരുന്നു. ദീപാവലി സമയത്ത് വിമാനടിക്കറ്റ് നിരക്കില്‍ 700 ശതമാനം വര്‍ധനയുണ്ടായതിനെ തുടര്‍ന്നാണ് കോടതിക്ക് മുമ്പാകെ ഹരജിയെത്തിയത്. എന്നാല്‍, ടിക്കറ്റ് നിരക്ക് ഉയര്‍ന്ന് നില്‍ക്കുകയാണെങ്കില്‍ വിമാനയാത്ര ഒഴിവാക്കണമെന്നായിരുന്നു കോടതി ഉത്തരവ്.

Tags

Share this story

From Around the Web