മ്യാൻമറിൽ ബുദ്ധ വിഹാരത്തിന് നേരെ വ്യോമാക്രമണം; 14 പേർ കൊല്ലപ്പെട്ടു
Aug 22, 2026, 07:10 IST
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ വ്യോമാക്രമണം.
14 പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. ധ്യാന ക്യാമ്പിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തിരുന്നു.
മ്യാൻമറിലെ മധ്യ സഗൈംഗ് മേഖലയിൽ മ്യാൻമർ സൈന്യമാണ് വ്യോമാക്രമണം നടത്തിയത്. സായുധ ഗോത്ര സംഘങ്ങൾക്ക് നേരെ മ്യാൻമർ സൈന്യം നടത്തുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണിത്.
വെള്ളിയാഴ്ച രാവിലെ ഒൻപതോടെ മ്യാംഗ് ടൗൺഷിപ്പിലെ സ്വെലെയോ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച ശേഷം ഗ്രാമീണർ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു.