ദില്ലിയിൽ വായുമലിനീകരണ തോത് വീണ്ടും ഉയരുന്നു; നിയന്ത്രണങ്ങൾ കർശനമാക്കി അധികൃതർ, ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ രണ്ട് മണിക്കൂർ അനുമതി
ദില്ലി: ദില്ലിയിലും പരിസര പ്രദേശങ്ങളിലും വായുമലിനീകരണ തോത് വീണ്ടും ഉയരുന്നു. നഗരത്തിൽ വിവിധയിടങ്ങളിൽ വായു ഗുണനിലവാര സൂചിക അപകടനിലക്ക് മുകളിലായ 400ല് തുടരുകയാണ്. വായുമലിനീകരണം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് കടന്നതോടെ അധികൃതർ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.
ദീപാവലി ആഘോഷങ്ങൾക്കിടയിലാണ് ദില്ലിയിൽ വായു മലിനീകരണതോത് അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് എത്തിയത്. കഴിഞ്ഞ അഞ്ച് ദിവസമായി ദില്ലിയിലും പരിസര പ്രദേശങ്ങളിലുമുള്ള 22ലധികം മലിനീകരണ നിരീക്ഷണ കേന്ദ്രങ്ങളിൽ എക്യുഐ 400ന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഐഐടി ദില്ലി, പഞ്ചാബി ബാഗ്, വിവേക് വിഹാർ, ജഹാംഗീർപുരി, രോഹിണി, മുണ്ട്ക തുടങ്ങിയ പ്രദേശങ്ങളിലാണ് വായുമലിനീകരണം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും കാറ്റിന്റെ വേഗത കുറഞ്ഞതും കൃഷിയിടങ്ങളിൽ വൈക്കോൽ കത്തിക്കുന്നതുമാണ് സ്ഥിതിഗതികൾ ഇത്രത്തോളം വഷളാക്കിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.
ഇതോടൊപ്പം കോടതി ഉത്തരവ് അവഗണിച്ച് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതും മലിനീകരണ തോത് ഉയരാൻ കാരണമായിട്ടുണ്ട്.
നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നലെ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിൻ്റെ മൂന്നാം ഘട്ടം സർക്കാർ നടപ്പിലാക്കിയിരുന്നു. പൊടിപടലങ്ങൾ ഉയർത്തുന്ന എല്ലാത്തരം നിർമ്മാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്കും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ബിഎസ്-3 പെട്രോൾ, ബിഎസ്-4 ഡീസൽ വാഹനങ്ങൾക്ക് ദില്ലിയിലും ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ സമീപ ജില്ലകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യം കണക്കിലെടുത്ത് അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ക്ലാസുകൾ ഹൈബ്രിഡ് രീതിയിലേക്ക് മാറ്റാനും നിർദേശം ഉണ്ട്. ഒപ്പം പൊതു-സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുന്ന കാര്യം പരിശോധിക്കാൻ പ്രാദേശിക സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുജനങ്ങൾ പ്രത്യേകിച്ച് മുതിർന്നവരും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാനും പ്രഭാത സവാരികൾ പരമാവധി ഒഴിവാക്കാനും ആരോഗ്യ വിദഗ്ദ്ധർ നിർദേശിച്ചിട്ടുണ്ട്. ഇന്നും നാളെയും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രണ്ട് മണിക്കൂർ നേരത്തേക്ക് പടക്കം പൊട്ടിക്കാൻ അനുമതി നൽകിയിട്ടുണ്ട്.