ഭീതിയുടെ രണ്ടു മണിക്കൂറുകൾ, ആകാശച്ചുഴിയിൽ പെട്ട് എയർ ഇന്ത്യ വിമാനം, 17 പേർക്ക് പരിക്ക്
ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം (എ.ഐ. 2379) കടുത്ത ആകാശച്ചുഴിയിൽ പെട്ട് 17 പേർക്ക് പരിക്കേറ്റു. നാല് വിമാന ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.
യാത്രയ്ക്കിടെ വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാർ ഈ ആഘാതത്തിൽ വിമാനത്തിന്റെ മേൽത്തട്ടിലേക്ക് തെറിച്ചുവീണു. നിയന്ത്രണം നഷ്ടപ്പെട്ടതോടെ വിമാനത്തിനുള്ളിൽ ബാഗുകളും മറ്റ് സാധനസാമഗ്രികളും ചിതറിത്തെറിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പലരുടെയും നിലവിളികളും പ്രാർത്ഥനകളും വിമാനത്തിനുള്ളിൽ ഭീതിദമായ അന്തരീക്ഷം സൃഷ്ടിച്ചു.
സീറ്റ് ബെൽറ്റ് സൈൻ ഓഫായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഈ വലിയ ആഘാതമുണ്ടായതെന്ന് യാത്രക്കാർ പറഞ്ഞു. തങ്ങൾ മരണത്തെ മുഖാമുഖം കണ്ടെന്നും, ഇതൊരു പുനർജന്മം പോലെയാണ് തോന്നുന്നതെന്നുമാണ് യാത്രക്കാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ പരിക്കേറ്റ ഏഴ് യാത്രക്കാരെ വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് സി.ടി. സ്കാൻ, എം.ആർ.ഐ തുടങ്ങിയ വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയമാക്കി വരികയാണ്.
പരിഭ്രാന്തരായ യാത്രക്കാരെ ആശ്വസിപ്പിക്കാൻ പൈലറ്റും മറ്റ് ജീവനക്കാരും പരമാവധി ശ്രമിച്ചതായി യാത്രക്കാർ വ്യക്തമാക്കി. വ്യോമയാന സുരക്ഷ പൂർണ്ണമായും ഉറപ്പാക്കുന്നതിനായി ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.