സർവീസിന് മണിക്കൂറുകൾ ബാക്കിനിൽക്കെ എയർ ഇന്ത്യ പൈലറ്റ് ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ഫോൺ എടുക്കാത്തതിനെത്തുടർന്ന് മാസ്റ്റർ കീ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ കണ്ടത് അബോധാവസ്ഥയിൽ. 

 
Air india

ന്യൂഡൽഹി: അടുത്ത വിമാന സർവീസിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ എയർ ഇന്ത്യ പൈലറ്റിനെ ഡൽഹിയിലെ ആഡംബര ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സണ്ണി അസൽദേക്കറാണ് മരണപ്പെട്ടത്. ഡൽഹി വസന്ത് കുഞ്ചിലെ ഹോട്ടലിൽ ലേ ഓവറിന്റെ ഭാഗമായി വിശ്രമിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിൽ സേവനമനുഷ്ഠിച്ചിരുന്ന സണ്ണി അസൽദേക്കർ ഏതാനും മാസങ്ങൾക്ക് മുൻപാണ് മാതൃസ്ഥാപനമായ എയർ ഇന്ത്യയിലേക്ക് മാറിയത്.

ശനിയാഴ്ച പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡായി സർവീസ് നടത്താൻ നിശ്ചയിച്ചിരുന്നതും അദ്ദേഹത്തെയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 10-നാണ് ഡ്യൂട്ടിയുടെ ഭാഗമായി പൈലറ്റ് വസന്ത് കുഞ്ചിലെ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ പിറ്റേദിവസം സഹോദരൻ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പൈലറ്റ് ഫോൺ എടുത്തില്ല.

തുടർന്ന് ആശങ്കാകുലനായ സഹോദരൻ ഹോട്ടൽ മാനേജ്‌മെന്റിനെ വിവരമറിയിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ മുറിക്ക് പുറത്തെത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അകത്തുനിന്ന് പൂട്ടിയിരുന്ന വാതിൽ ഒടുവിൽ മാസ്റ്റർ കീ ഉപയോഗിച്ച് തുറന്നപ്പോഴാണ് പൈലറ്റിനെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞ് വസന്ത് കുഞ്ച് നോർത്ത് പോലീസ് സംഘം സ്ഥലത്തെത്തി അദ്ദേഹത്തെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്ക് മുൻപേ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

തുടർന്ന് പോലീസിന്റെ പ്രത്യേക ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘം ഹോട്ടൽ മുറിയിലെത്തി ഫോറൻസിക് പരിശോധനകൾ നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. മരണകാരണത്തിൽ വ്യക്തത വരുത്താൻ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രിയ സഹപ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗത്തിൽ എയർ ഇന്ത്യ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ക്യാപ്റ്റൻ സണ്ണി അസൽദേക്കറുടെ കുടുംബവുമായി മാനേജ്‌മെന്റ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഈ വിഷമഘട്ടത്തിൽ കുടുംബത്തിന് ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും ഉറപ്പാക്കുമെന്നും എയർ ഇന്ത്യ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags

Share this story

From Around the Web