എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വെട്ടിച്ചുരുക്കുന്നു. ഒരു മാസം 56,000 സീറ്റുകൾ നഷ്ടമാകും

കൊണ്ടോട്ടി: എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നു. പുതിയ തീരുമാനപ്രകാരം ആഴ്ചയിൽ 75 സർവീസുകളും മാസത്തിൽ മുന്നൂറിലധികം സർവീസുകളുമാണ് ഇല്ലാതാകുന്നത്. ഇതോടെ, പ്രവാസികൾക്ക് ഒരു മാസം നഷ്ടപ്പെടുന്നത് ശരാശരി 56,000 സീറ്റുകൾ ആയിരിക്കും. ഒക്ടോബർ 26-ന് ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളിലാണ് സർവീസുകൾ റദ്ദാക്കാനും വെട്ടിച്ചുരുക്കാനും തീരുമാനിച്ചിരിക്കുന്നത്.
കരിപ്പൂരിൽ നിന്നും കണ്ണൂരിൽനിന്നുമുള്ള കുവൈത്ത് വിമാനങ്ങൾ കഴിഞ്ഞ ഒന്നാംതീയതിയോടെ നിർത്തി. ഇതിനുപുറമെ കൊച്ചിയിൽനിന്നുള്ള സലാല, റിയാദ് സർവീസുകളും കണ്ണൂരിൽനിന്നുള്ള ബഹ്‌റൈൻ, ജിദ്ദ, ദമാം സർവീസുകളും പൂർണ്ണമായി ഒഴിവാക്കുന്ന പട്ടികയിലുണ്ട്. തിരുവനന്തപുരത്തുനിന്നുള്ള ദുബായ്, അബുദാബി സർവീസുകളും ഒഴിവാക്കും. ഈ നീക്കം കേരളത്തിലെ ഗൾഫ് യാത്രക്കാർക്ക് കനത്ത തിരിച്ചടിയാകും.
പ്രധാനമായും, കോഴിക്കോട്ടുനിന്ന് ദമാമിലേക്കുള്ള ഏഴ് സർവീസുകൾ മൂന്നായും ഷാർജ, റാസൽ ഖൈമ, മസ്‌കറ്റ് സർവീസുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. കൊച്ചിയിൽനിന്നും ബഹ്റൈൻ, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണത്തിലും വലിയ കുറവുണ്ടാകും. ഇത് ടിക്കറ്റ് നിരക്ക് കുത്തനെ കൂടാനും പ്രവാസികൾക്ക് യാത്രാക്ലേശം ഉണ്ടാകാനും കാരണമായേക്കും.