‘അരാജകത്വം ലക്ഷ്യം, പണം പാകിസ്ഥാനിൽ നിന്നും’; സി.ജെ.പിക്കെതിരെ വിദേശ ഫണ്ടിങ് ആരോപണവുമായി കേന്ദ്രം

 
cjp

ഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കള്‍ വിദേശ ഏജന്‍സികളില്‍ നിന്നും ശത്രുരാജ്യങ്ങളില്‍ നിന്നും അനധികൃതമായി പണം കൈപ്പറ്റി രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്ന ആരോപണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ അശാന്തിയും അരാജകത്വവും സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വെളിപ്പെടുത്തി.

സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ അമേരിക്കന്‍ ദാതാക്കളില്‍ നിന്നും, പാര്‍ട്ടി സ്ട്രാറ്റജിസ്റ്റ് അശുതോഷ് റാങ്ക പാകിസ്ഥാന്‍ രാഷ്ട്രീയക്കാരില്‍ നിന്നും പണം സ്വീകരിച്ചതിന്റെ കൃത്യമായ തെളിവുകള്‍ കൈവശമുണ്ടെന്ന് ജിതേന്ദ്ര സിങ് വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യ വിരുദ്ധ ശക്തികളാണ് ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


അടുത്തിടെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങള്‍ അരാജകത്വം ലക്ഷ്യമിട്ടായിരുന്നുവെന്ന് ബി.ജെ.പി വക്താവ് തുഹിന്‍ എ. സിന്‍ഹ കുറ്റപ്പെടുത്തി. ഔദ്യോഗിക വിലക്കുകള്‍ ലംഘിച്ച് ജന്തര്‍ മന്തറില്‍ കടന്നുകയറിയതിനും സമാധാന അന്തരീക്ഷം തകര്‍ത്തതിനും സി.ജെ.പി വക്താക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ഡല്‍ഹി പോലീസ് സമന്‍സ് അയച്ചിട്ടുണ്ട്. ഒക്ടോബര്‍ 10-ന് സമാധാന ബോണ്ടില്‍ ഒപ്പിട്ടു പുറത്തിറങ്ങിയ ഇരുവരും, ഒക്ടോബര്‍ 13-ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുരക്ഷാ ബാരിക്കേഡുകള്‍ മറികടക്കുകയായിരുന്നുവെന്ന് ബി.ജെ.പി വക്താവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിദേശ ഫണ്ടിങ് ആരോപണങ്ങള്‍ തള്ളി പ്രതിപക്ഷം രംഗത്തെത്തി. ബി.ജെ.പി നേതാക്കളുടെ ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. തെളിവുകളില്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും പരാജയമാണ് കാട്ടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Tags

Share this story

From Around the Web