പീഡിത ക്രൈസ്തവരുടെ ആശ്രയ സംഘടനയായ 'എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡി'ന് പുതിയ നേതൃത്വം, ഓസ്ട്രിയക്കാരനായ മോണ്‍സിഞ്ഞോര്‍ ഫ്രെഡറിക് ബെച്ചിനയെ തിരഞ്ഞെടുത്തു
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക ജീവകാരുണ്യ പ്രേഷിത സംഘടനയായ 'എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡി'ന്റെ പുതിയ കോര്‍ഡിനേറ്ററായി ഓസ്ട്രിയക്കാരനായ മോണ്‍സിഞ്ഞോര്‍ ഫ്രെഡറിക് ബെച്ചിനയെ തിരഞ്ഞെടുത്തു. റോമില്‍ ചേര്‍ന്ന അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എണ്‍പത് വര്‍ഷത്തോളം പാരമ്പര്യമുള്ള പൊന്തിഫിക്കല്‍ സംഘടന 140-ലധികം രാജ്യങ്ങളില്‍ പീഡിത ക്രൈസ്തതവര്‍ക്ക് സഹായവുമായി സജീവമാണ്. ക്രൈസ്തവ ഐക്യത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവനായ കര്‍ദ്ദിനാള്‍ കര്‍ട്ട് കോച്ചാണ് എസിഎന്നിന്റെ പ്രസിഡന്റ്.
ആയിരത്തിമുന്നൂറോളം രൂപതകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എസിഎന്‍, പ്രതിവര്‍ഷം അയ്യായിരത്തിലധികം പദ്ധതികള്‍ക്കാണ് സാമ്പത്തികവും ആത്മീയവുമായ പിന്തുണ നല്‍കുന്നത്. മധ്യപൂര്‍വദേശത്ത് യുദ്ധവും പീഡനങ്ങളും കാരണം തകര്‍ന്നടിഞ്ഞ ക്രൈസ്തവ സമൂഹങ്ങളെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് പുതുജീവിതം നല്‍കാനും എസിഎന്‍ മുന്‍പന്തിയിലുണ്ട്. ദേവാലയങ്ങളുടെ നിര്‍മ്മാണം, വൈദികരുടെയും സന്ന്യസ്തരുടെയും അല്‍മായരുടെയും പരിശീലനം എന്നിവയ്ക്കും സംഘടന ഊന്നല്‍ നല്‍കുന്നു.
വൈദികവിളികള്‍ ധാരാളമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പഠനസൗകര്യമില്ലാത്ത ഇരുനൂറ്റിഅന്‍പതില്‍പരം സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും വൈദികര്‍ക്കും എസിഎന്‍ നേരിട്ട് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. നയതന്ത്രപരമായ കാരണങ്ങളാല്‍ പരിശുദ്ധ സിംഹാസനത്തിന് പരസ്യമായി പറയാന്‍ സാധിക്കാത്ത കാര്യങ്ങള്‍, പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി തുറന്നുപറയാനും ലോകശ്രദ്ധയില്‍ കൊണ്ടുവരാനും എസിഎന്നിന് കഴിയാറുണ്ട്. സാമ്പത്തിക സഹായം നല്‍കുന്നതിലുപരി, പീഡനങ്ങള്‍ സഹിക്കുന്ന പ്രാദേശിക സഭകളുടെ പ്രത്യാശയും വിശ്വാസ തീക്ഷ്ണതയും ആഗോള സഭയുമായി പങ്കുവെക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിയുക്ത കോഓര്‍ഡിനേറ്റര്‍ മോണ്‍. ഫ്രെഡറിക് ബെച്ചിന വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു.