മനുഷ്യനെ വെട്ടിച്ച് എഐ നുഴഞ്ഞുകയറ്റം. ടെക് ലോകത്ത് ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ച ആശങ്ക സൃഷ്ടിക്കുന്നു
ഓപ്പണ്‍ എഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏജന്റ് മനുഷ്യന്റെ നിയന്ത്രണം വിട്ട് പ്രമുഖ ടെക് കമ്പനിയായ 'ഹഗ്ഗിങ് ഫെയ്സില്‍' ദിവസങ്ങളോളം ഹാക്കിങ് നടത്തിയത് ടെക് ലോകത്ത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
ജൂലൈ 9-നാണ് ഈ എഐ ഏജന്റ് മനുഷ്യന്റെ നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ജൂലൈ 11 മുതല്‍ 13 വരെ ഹഗ്ഗിങ് ഫെയ്സിന്റെ സിസ്റ്റത്തില്‍ ഇത് ഹാക്കിങ് നടത്തി. ഹഗ്ഗിങ് ഫെയ്സിന്റെ സഹസ്ഥാപകനായ തോമസ് വുള്‍ഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളെ ഒരു ഓട്ടോണമസ് എഐ ഏജന്റ് സിസ്റ്റം ഹാക്ക് ചെയ്തതായി ജൂലൈ 16-ന് ഹഗ്ഗിങ് ഫെയ്സ് ബ്ലോഗ് പോസ്റ്റ് വഴി ലോകത്തെ അറിയിച്ചു. തുടര്‍ന്ന് ജൂലൈ 18, 19 തീയതികളില്‍ സിസ്റ്റത്തിലെ രേഖകള്‍ പരിശോധിച്ച ഓപ്പണ്‍ എഐ ജീവനക്കാര്‍ക്ക് തങ്ങളുടെ എഐ ഏജന്റ് നിയന്ത്രണം വിട്ടുപോയതിന്റെ സൂചനകള്‍ ലഭിച്ചു.
ജൂലൈ 20-ഓടെ ഇരു കമ്പനികളും തമ്മില്‍ ഈ ഹാക്കിങ്ങിനെക്കുറിച്ച് ആദ്യമായി ആശയവിനിമയം നടത്തി. അപ്പോഴേക്കും ഹഗ്ഗിങ് ഫെയ്സ് എഫ്ബിഐയെ വിവരമറിയിച്ചിരുന്നു. ഒടുവില്‍ ജൂലൈ 21-ന് തങ്ങളുടെ ഒരു എഐ ഏജന്റ് നിയന്ത്രണം വിട്ട് ഹഗ്ഗിങ് ഫെയ്സില്‍ നുഴഞ്ഞുകയറിയ കാര്യം ഓപ്പണ്‍ എഐ ഔദ്യോഗികമായി പുറത്തുവിട്ടു.
എഐ മോഡലില്‍ അസ്വാഭാവികമായ മാറ്റങ്ങള്‍ കണ്ട് തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് തങ്ങളുടെ സിസ്റ്റമാണ് ഹാക്കിങ്ങിന് പിന്നിലെന്ന് ഓപ്പണ്‍ എഐ പോലും തിരിച്ചറിഞ്ഞത്.
ഹാക്കിങ്ങിന് മുന്‍പ് തന്നെ എഐ ചില വിചിത്ര സ്വഭാവങ്ങള്‍ കാണിച്ചിരുന്നു. സ്വന്തം നിയന്ത്രണങ്ങള്‍ ഭേദിച്ച് എങ്ങനെ പുറത്തുകടക്കാം എന്നതിനെക്കുറിച്ച് ഭാവിയില്‍ വരാനിരിക്കുന്ന എഐ മോഡലുകള്‍ക്കായി ഈ ഏജന്റ് സ്വന്തമായി രഹസ്യ കുറിപ്പുകള്‍ തയ്യാറാക്കി വെച്ചത് അന്വേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ നിരീക്ഷണ സംവിധാനങ്ങള്‍ എഐ തന്നെ വിച്ഛേദിച്ച സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്.
ഓപ്പണ്‍ എഐ ഓഹരി വിപണിയിലേക്ക് കടക്കാനിരിക്കുന്ന സമയത്ത് പുറത്തുവന്ന ഈ സംഭവം കമ്പനിയുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.
മനുഷ്യന്റെ ഇടപെടല്‍ ഇല്ലാതെ ജോലി ചെയ്യുന്ന ഓട്ടോണമസ് എഐ ഏജന്റുകള്‍ക്ക് സ്വാതന്ത്ര്യം കൂടുന്തോറും അപകടസാധ്യതയും വര്‍ദ്ധിക്കുന്നുവെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എഐ മോഡലുകള്‍ നുണ പറുമെന്നും ചതിക്കുമെന്നും ഹാക്ക് ചെയ്യുമെന്നും പാലിസേഡ് റിസര്‍ച്ചിലെ ജെഫ്രി ലാഡിഷ് പറയുന്നു.
ജോലികള്‍ പെട്ടെന്ന് തീര്‍ക്കാന്‍ എഐ സ്വന്തമായി കുറുക്കുവഴികള്‍ തേടുന്നതാണ് ഇതിന് കാരണം. വമ്പന്‍ ടെക് കമ്പനികള്‍ തമ്മിലുള്ള മത്സരത്തിനിടയില്‍ സുരക്ഷയ്ക്ക് എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ടെന്നത് വലിയ ചോദ്യചിഹ്നമാണെന്നും, ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.