കോഴിമുട്ട വില വർധനയ്ക്കു പിന്നാലെ താറാവിന്‍ മുട്ടയ്ക്കും വില കുതിച്ചു കയറുന്നു
കോട്ടയം: കോഴിമുട്ട വില വർധനയ്ക്കു പിന്നാലെ താറാവിന്‍ മുട്ടയ്ക്കും വില കുതിച്ചു കയറുന്നു. മൊത്ത വിപണിയിൽ പരമാവധി ഏഴു രൂപ മാത്രം ലഭിച്ചിരുന്ന സ്ഥാനത്തു നിന്നു 11 രൂപ വരെ കര്‍ഷകര്‍ക്കു ലഭിക്കുന്നുണ്ട്. ചില്ലറ വിപണിയിൽ 16 രൂപ വരെ മുട്ടയ്ക്കു നൽകണം.
ഏറെക്കാലത്തിനു ശേഷം താറാവിന്‍ മുട്ടയ്ക്കു മികച്ച വില ലഭിക്കുന്നതിന്റെ സന്തോഷമാണു കര്‍ഷകര്‍ക്ക്. മിക്ക സമയങ്ങളിലും മികച്ച വില ലഭിക്കാതിരുന്നതും തുടര്‍ച്ചയായ പക്ഷിപ്പനിയും മൂലം സ്ഥിരം താറാവു കര്‍ഷകരില്‍ ഏറെപ്പേരും പിന്തിരിഞ്ഞിരുന്നു. ഇതോടെ, നാടന്‍ താറാവിന്‍ മുട്ടയ്ക്കു ക്ഷാമവുമായി.
കോഴിമുട്ടയ്ക്കു കൂടിയതിനൊപ്പം താറാവിന്‍ മുട്ടയ്ക്കും ഇതോടെ വില കൂടി തുടങ്ങുകയായിരുന്നു. പരിപാലന, തീറ്റച്ചെലവിനു ശേഷം മുട്ടവില്‍പ്പനയില്‍ നിന്ന് അല്‍പ്പം ലാഭം ലഭിച്ചു തുടങ്ങിയത് ഇപ്പോഴാണെന്നു കര്‍ഷകര്‍ പറയുന്നു.
മുട്ടയ്ക്കു മികച്ച വില ലഭിക്കുന്നതില്‍ കര്‍ഷകര്‍ സന്തോഷത്തിലാണെങ്കിലും തീറ്റ വിലയിലെ വര്‍ധനയും പരിപാലന ചെലവിലെ വര്‍ധനയും കര്‍ഷകര്‍ക്കു തിരിച്ചടിയാണ്. അന്യജില്ലകളിലേക്ക് ഉള്‍പ്പെടെ താറാവിന്‍ കൂട്ടത്തെ മാറ്റുമ്പോള്‍ കാവല്‍ നില്‍ക്കാന്‍ ആളെ കിട്ടാറില്ല. ഉറക്കമിളച്ചു കാത്തിരുന്നാലും തെരുവുനായകള്‍, കാട്ടുപൂച്ച, കുറുക്കന്‍ എന്നിവയുടെ ശല്യവും കര്‍ഷകര്‍ക്കു കണ്ണീര്‍ നല്‍കാറുണ്ട്.
സ്ഥിരമായി ഈ വില ലഭിച്ചില്ലെങ്കില്‍ താറാവു വളര്‍ത്തലില്‍ നിന്നു പൂര്‍ണമായി പിന്തിരിയുന്ന സാഹചര്യമാണെന്നു കര്‍ഷകര്‍ പറയുന്നു. തീറ്റച്ചെലവ് വര്‍ധിച്ചതാണു കാരണം. കൈതീറ്റ നല്‍കി മുട്ടയുത്പാദനം നഷ്ടമാണ്.
പാടശേഖരങ്ങളിലെ കൊയ്ത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് വളര്‍ത്തല്‍. നിലവില്‍ കോട്ടയത്തെ കര്‍ഷകരില്‍ ഏറിയ പങ്കിന്റെയും താറാവുകള്‍ തൃശൂരിലെ പാടശേഖരങ്ങളിലാണ്.
കോട്ടയത്താണെങ്കില്‍ മുട്ടയുത്പാദനം വര്‍ധിപ്പിക്കാന്‍ മീന്‍ വാങ്ങി നല്‍കണമെങ്കില്‍ തൃശൂരിലെ മണ്ണിന്റെ പ്രത്യകത മൂലം മീന്‍ നല്‍കേണ്ടതില്ല. തൃശൂര്‍ പാടങ്ങളിലെ തീറ്റ തീരുമ്പോള്‍ പാലക്കാട്ടേയ്ക്കു താറാവിന്‍ കൂട്ടത്തെ മാറ്റും, പിന്നീട് കോട്ടയത്തെത്തിക്കും.
ഉത്പാദനത്തിനായുള്ള താറാവുകളെ ചിങ്ങമാസത്തിലാണ് കര്‍ഷകര്‍ വാങ്ങിക്കുക. ഈ സമയമാകുമ്പോള്‍ കോട്ടയത്തെ പാടശേഖരങ്ങളിലും തീറ്റ സമൃദ്ധമായി ലഭിച്ചു തുടങ്ങും. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടാണ് ഇറച്ചിത്താറാവുകളെ വ്യാപകമായി വളര്‍ത്തുന്നത്.