അഞ്ച് വര്‍ഷത്തിനു ശേഷം ലോകമെമ്പാടുമുള്ള കത്തോലിക്കാ വൈദികരുടെ എണ്ണത്തില്‍ വര്‍ധനവ്

 
Cross

അഞ്ച് വര്‍ഷത്തിനു ശേഷം ലോകമെമ്പാടുമുള്ള കത്തോലിക്കാ വൈദികരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. നൂറാമത് ലോക മിഷന്‍ ഞായറിനോടനുബന്ധിച്ച് വത്തിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ 'ഫിദെസ്' (എശറല)െ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

ഫിദെസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ആകെ വൈദികരുടെ എണ്ണം 4,06,996 ല്‍ നിന്ന് 4,07,421 ആയി ഉയര്‍ന്നു. ഇത് തൊട്ടുമുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 425 പേരുടെ വര്‍ധനവാണ് കാണിക്കുന്നത്. 

അതേസമയം, സഭയുടെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്കല്‍ ഇയര്‍ബുക്കില്‍ നിന്നുള്ള ഈ വിവരങ്ങള്‍ 2024 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വത്തിക്കാന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

ആഫ്രിക്കയിലാണ് ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തിയത്. പുതിയതായി 1,676 വൈദികര്‍ ആഫ്രിക്കയില്‍ ഉണ്ടായിട്ടുണ്ട്. തൊട്ടുപിന്നില്‍ ഏഷ്യയില്‍ 1,065 പേരുടെ വര്‍ധനവുണ്ടായി. അമേരിക്കയും മുന്‍വര്‍ഷത്തെ പ്രതികൂല പ്രവണത മാറ്റിയെഴുതി.

 ഇവിടെ 199 പുതിയ വൈദികര്‍ കൂടി ഉണ്ടായതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തി. നേരെ മറിച്ച്, യൂറോപ്പില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 2,483 വൈദികരെ നഷ്ടപ്പെട്ടു, അതേസമയം, ഓഷ്യാനിയയില്‍ 32 പേരുടെ കുറവ് രേഖപ്പെടുത്തി.

രൂപതാ വൈദികരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് മൊത്തത്തിലുള്ള ഈ വര്‍ധനവിനു കാരണം. ഇവരുടെ എണ്ണം 2,79,238 ആയി ഉയര്‍ന്നു, ഇതില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 496 പേര്‍ കൂടുതലാണ്.

 അതേസമയം, സന്ന്യാസ വൈദികരുടെ എണ്ണം 71 കുറഞ്ഞ് 1,28,183 ആയി. വൈദികരുടെ എണ്ണം വര്‍ധിച്ചതിനൊപ്പം തന്നെ ഒരു വൈദികന് ആനുപാതികമായ കത്തോലിക്കാ വിശ്വാസികളുടെ എണ്ണവും വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

 മുന്‍വര്‍ഷത്തേക്കാള്‍ 38 പേര്‍ കൂടി വര്‍ധിച്ച്, ഇപ്പോള്‍ ഒരു വൈദികന് 3,491 വിശ്വാസികള്‍ എന്ന നിലയിലാണുള്ളത്. ഒരു വൈദികനു കീഴിലുള്ള ശരാശരി ജനസംഖ്യയും 16,104 ആയി വര്‍ധിച്ചു.

2024 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 1,42,21,44,000 (142.2 കോടി) എത്തിയതായി ഫിദെസിന്റെ സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.66 കോടിയിലധികം (16.69 ദശലക്ഷം) വര്‍ധനവാണ് കാണിക്കുന്നത്. ഈ കണക്കുകള്‍ അനുസരിച്ച്, ലോക ജനസംഖ്യയുടെ 17.8% കത്തോലിക്കരാണ്.

Tags

Share this story

From Around the Web